‘വൃത്തികെട്ട രാഷ്ട്രീയമെ’ന്ന് പറഞ്ഞ് നാവ് വായിലിട്ടില്ല; അതിന് മുന്നേ വടക്കന്‍ ബിജെപിയില്‍

tom-vadakkan-bjp
SHARE

പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എഐസിസി വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോൺഗ്രസ് ക്യാംപിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണത്തിന് തെളിവ് ചോദിച്ചത് മനസ്സിനെ ബാധിച്ചതാണ് പാര്‍ട്ടി വിടാനുള്ള കാരണമായി പറയുന്നത്. എന്നാൽ ഇപ്പോഴിതാ പുൽവാമ ആക്രണത്തിന് ശേഷം ടോം വടക്കൻ നടത്തിയ ബിജെപി വിരുദ്ധ ട്വീറ്റുകൾ തിരിച്ചടിക്കുകയാണ്. രണ്ടുദിവസം മുന്‍പ് പോലും പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കൻ റീട്വീറ്റ് ചെയ്തിരുന്നു. 

ദേശസ്നേഹം കൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്നാണ് ഇന്ന് പറഞ്ഞത്. എന്നാൽ ടോം വടക്കൻ തന്നെയാണ് വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്ന് വിശേഷിപ്പിച്ചത്. 

'നിങ്ങൾ ബിജെപിയിൽ ചേർന്നാൽ എല്ലാ കുറ്റകൃത്യങ്ങളിൽ നിന്നും മുക്തി നേടാം' എന്ന പരിഹാസ ട്വീറ്റ് നടത്തിയതാകട്ടെ ഫെബ്രുവരി നാലിനും. ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണമോ പണം തട്ടിപ്പോ വന്നാല്‍ അവര്‍ എന്താണ് ചെയ്യുക? നേരെ ബി.ജെ.പിയില്‍ ചേരുമെന്ന വസുദേവന്‍ കെ യുടെ ട്വീറ്റ് ടോം വടക്കന്‍ മാര്‍ച്ച് അഞ്ചിനാണ് റീ ട്വീറ്റ് ചെയ്യുന്നത്. ഈ ട്വീറ്റുകളൊക്കെ ഇപ്പോൾ ടോം വടക്കന് നേരെ തിരിഞ്ഞ് കൊത്തുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ട്രോളുകളും സജീവമായി. 

കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് പാര്‍ട്ടിവക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്.

ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചതും അംഗത്വം സ്വീകരിച്ചതും. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ടോം വടക്കന്‍റെ ചുവടുമാറ്റം അപ്രതീക്ഷിതമായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിലെ ചര്‍ച്ചകളിലടക്കം കോണ്‍ഗ്രസിനുവേണ്ടി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. 

പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിക്കാനാകാത്തുകൊണ്ടാണ് പാര്‍ട്ടിവിട്ടതെന്ന് ടോം വടക്കന്‍ പറഞ്ഞു. ബാലാക്കോട്ടില്‍ നടത്തിയ തിരിച്ചടി അനിവാര്യമായിരുന്നു. കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ താന്‍ നടത്തിയ വിമര്‍ശനങ്ങളെല്ലാം പാര്‍ട്ടിയുടെ നിലപാടായിരുന്നു. വ്യക്തിപരമായിരുന്നില്ല. നരേന്ദ്ര  മോദിയുടേത് നല്ല വികസന കാഴ്ചപ്പാടെന്നും ടോം വടക്കന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

മുന്‍പ് തൃശൂരില്‍ മല്‍സരിക്കാന്‍ ടോം വടക്കന്‍ ശ്രമിച്ചിരുന്നെങ്കിലും‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ അദ്ദേഹം അതൃപ്തനായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബി.െജ.പിയിലെത്തിയ ടോം വടക്കന്‍ തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളില്‍ എവിടെയെങ്കിലും സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ട്. ടോം വടക്കന് ലോക്സഭാ സീറ്റ് നല്‍കുന്നതില്‍ തീരുമാനമെടുക്കേണ്ടത് ഇലക്ഷന്‍ കമ്മിറ്റിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിച്ചു. ടോം വടക്കനുപിന്നാലെ കേരളത്തില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടു.  

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.