നോ പറഞ്ഞാല്‍ നോ; പിന്നാലെ പെട്രോളുമായി പായരുത്; വായിക്കേണ്ട കുറിപ്പ്

ajin-reji-mathew-murder
SHARE

തിരുവല്ലയിൽ പട്ടാപ്പകൽ ‌പെൺകുട്ടിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിക്കുന്നതു കണ്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല ദൃക്സാക്ഷികളിൽ പലർക്കും. സംഭവം നടത്തി പൊലീസ് പിടിയിലായിട്ടും അക്ഷോഭ്യനായിരുന്നു പ്രതി അജിൻ. ഇയാൾക്ക് യാതൊരു ഭാവമാറ്റങ്ങളും ഉണ്ടായില്ലെന്നും  പൊലീസ് പറയുന്നു. വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു പ്രതി അജിനും ആക്രമണത്തിന് ഇരയായ പെൺകുട്ടിയും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതിൽനിന്നു പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെൺകുട്ടിയെ വകവരുത്തിയശേഷം അജിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നുമാണ് പൊലീസ് നിഗമനം.

ലോകത്തില്‍ എല്ലായിടത്തും തന്നെ ആളുകള്‍ തങ്ങള്‍ക്കിഷ്ട്ടമുള്ള ആളുകളെയാണ് പങ്കാളികളായി കണ്ടെത്താറ്. ഈ ഇഷ്ടം അവസാനിച്ചാല്‍ മാന്യമായി പരസ്പര ബഹുമാനത്തോടെ ബന്ധം അവസാനിപ്പിക്കുകയും ചെയ്യും. എന്നാല്‍ സ്നേഹ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിനാലോ മറ്റൊരു പങ്കാളിയെ കണ്ടെത്തിയതിന്‍റെ പേരിലോ നമ്മുടെ നാട്ടില്‍ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി. ഇതിനകം തന്നെ ഈ കുറിപ്പ് സമൂഹമാധ്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ‘നോ മീന്‍സ് നോ' എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞ് പഠിപ്പിക്കുന്നില്ലെന്നും അതുകൊണ്ടാണ് നോ യുടെ പുറകെ ആളുകൾ പെട്രോളും ആയി പോകുന്നതെന്നും മുരളി തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരക്കുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

സ്നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും..

സ്നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേർത്ത് വക്കേണ്ട ഒന്നല്ല. പക്ഷെ കേരളത്തിൽ ഓരോ വർഷവും സ്നേഹവും ആയി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കുന്നു. അവ കൂടി വരികയാണോ എന്നറിയാൻ ഉള്ള ഗവേഷണം ഞാൻ നടത്തിയിട്ടില്ല, പക്ഷെ നമ്മെ നടുക്കുന്ന സംഭവങ്ങൾ എല്ലാ വർഷവും ഉണ്ടാകുന്നുണ്ട്.

സ്നേഹിച്ച പെൺകുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരുദാഹരണം, സ്നേഹിച്ചിരുന്ന പെൺകുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദർശിന്റെ കഥയാണ് മറ്റൊന്ന്.

ഈ ആഴ്ചയിൽ തന്നെ ഇത്തരം സംഭവങ്ങൾ രണ്ടുണ്ടായി. എറണാകുളത്ത് മുൻ കാമുകിയെ കാണാൻ രാത്രിയിൽ എത്തിയ ആളെ പെൺകുട്ടിയുടെ ഭർത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം. ഇന്ന് രാവിലെ സ്നേഹിച്ചിരുന്ന പെൺകുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചത് അടുത്തത്.

ലോകത്ത് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും, അമേരിക്ക മുതൽ ജപ്പാൻ വരെ, ചൈന മുതൽ കെനിയ വരെ, ആളുകൾ അവർക്ക് ഇഷ്ടം ഉള്ളവരോടൊപ്പം ആണ് ജീവിക്കുന്നത്. വിവാഹം കഴിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. ചെറുപ്പകാലത്ത് തന്നെ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് പറയുന്നു. മറുഭാഗത്തും ഇഷ്ടം ഉണ്ടെങ്കിൽ പിന്നെ അവർ ഒരുമിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതാവുകയോ മറ്റൊരാളോട് ഇഷ്ടം തോന്നുകയോ ഒക്കെ ചെയ്താൽ മാറി ജീവിക്കുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല.

നമ്മുടെ സ്നേഹത്തിന് മാത്രം ഇതെന്ത് പറ്റി ?

പല പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമത് ഇന്ത്യൻ സിനിമകൾ ഒക്കെ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി നിങ്ങളെ ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അത് കേട്ട് മാറിപ്പോകാൻ ഉള്ള സാമാന്യ ബോധം ഇല്ല. കാരണം "ഒന്നല്ലെങ്കിൽ വെറുത്തു വെറുത്ത് അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി", അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയാലും "ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന" പെൺകുട്ടി. ഇവരൊക്കെ ആണ് നമ്മുടെ മുന്നിലുള്ള മാതൃകകൾ. "No means NO" എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നോ യുടെ പുറകെ ആളുകൾ പെട്രോളും ആയി പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. പ്രേമത്തിനാണെങ്കിലും പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനാണെങ്കിലും "വേണ്ട എന്ന് പറഞ്ഞാൽ വേണ്ട" അത്ര തന്നെ. അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ആളുകൾ ഉറപ്പായും മനസ്സിലാക്കണം.

രണ്ടാമത്തെ പ്രശ്നം രണ്ടുപേർ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തിൽ മൂന്നാമൊതൊരാൾ ഇടപെടുന്നതാണ്. ഇഷ്ടം എന്നത് ആളുകളെ സ്വകാര്യമാണ്. ആർക്ക് ആരോട് എപ്പോൾ ഇഷ്ടം തോന്നുമെന്ന് പറയാൻ പറ്റില്ല. അങ്ങനെ രണ്ടു പേർ തമ്മിൽ ഇഷ്ടം ആന്നെന്ന് കണ്ടാൽ അതിൻ്റെ നടുക്ക് കയറി നിൽക്കാൻ മറ്റാർക്കും, മാതാപിതാക്കൾക്കെന്നല്ല ഭർത്താവിന് പോലും, നിയമപരമായി ഒരു അവകാശവും ഇല്ല എന്നിപ്പോൾ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നിൽക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങൾ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും. അതുകൊണ്ടു തന്നെ ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ആ ബന്ധം നിങ്ങൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, സമൂഹത്തിൽ നിങ്ങൾക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇഷ്ടപ്പെടുന്നവരെ ഒരുമിച്ചു ജീവിക്കാൻ വിടുന്നത് തന്നെയാണ് നല്ലതും ബുദ്ധിയും.ഒരു ദേഷ്യത്തിന് തല്ലാനോ കൊല്ലാനോ പോയാൽ രണ്ടു ദേഷ്യം കൊണ്ട് ജയിലിൽ നിന്നും പുറത്തു വരാൻ പറ്റില്ല."സ്നേഹമാണഖിലസാരമൂഴിയിൽ" എന്ന് പാടിയ നാടല്ലേ. ഇവിടെ സ്നേഹത്തിന്റെ പേരിൽ ചോര വീഴുന്നത് ശരിയല്ല.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.