അന്ന് രാജീവിനെ തുണിയില്ലാതെ അറസ്റ്റ് ചെയ്തു; ഇന്ന് കണ്‍വന്‍ഷനില്‍; ചിത്രത്തിന് പിന്നിലെ കഥ

p-rajeev-web-police-new
SHARE

എറണാകുളത്തെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനു പിന്നാലെയാണ് ആ ചിത്രം ചര്‍ച്ചയായത്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പി.രാജീവ് എസ്എഫ്ഐ നേതാവായിരിക്കെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന്‍റെ  പഴയ ചിത്രം. അറസ്റ്റിന് നേതൃത്വം നല്‍കിയ അന്നത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് പാര്‍ലമെന്‍റ് കണ്‍വന്‍ഷനില്‍ എത്തുക കൂടി ചെയ്തതോടെ രണ്ട് ചിത്രവും ചേര്‍ന്ന് വൈറലായി.  രണ്ടു കാലഘട്ടങ്ങളും രണ്ടു സംഭവങ്ങളുമെല്ലാം നിറയ്ക്കുന്ന  കൗതുകം കൊണ്ടു തന്നെ നവമാധ്യമങ്ങളില്‍ ഈ ചിത്രം നിമിഷങ്ങള്‍ കൊണ്ടാണ് പടര്‍ന്നത്. രാജീവിനെ അറസ്റ്റ് ചെയ്ത റിട്ടയേര്‍ഡ് എസ്.പി. മാര്‍ട്ടിന്‍ കെ മാത്യു തന്നെ ഈ ചിത്രങ്ങള്‍ക്കു പിന്നിലെ കഥ മനോരമ ന്യൂസ് ഡോട് കോമുമായി പങ്കുവയ്ക്കുകയാണ്. 

എംജി റോഡിലെ ലീഡറുടെ യു ടേണ്‍

കൂത്തുപറമ്പ് വെടിവയ്പ്പിനു പിന്നാലെ സംസ്ഥാനമെങ്ങും ഇടത് യുവജന സംഘടനകള്‍ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ പ്രതിഷേധമുയര്‍ത്തിയ കാലം. പൊതുപരിപാടികള്‍ക്കായാണ് ലീഡര്‍ അന്ന് എറണാകുളത്തെത്തിയത്. പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ അതീവ ബന്തവസിലുമായിരുന്നു കൊച്ചി നഗരം. സെന്‍റ് തെരേസാസ് കോളജിനടുത്തുളള ഗവണ്‍മെന്‍റ് ഗസ്റ്റ്ഹൗസിലായിരുന്നു ലീഡറുടെ ക്യാമ്പ്. അവിടെ നിന്ന് എംജി റോഡിലുളള അബാദ് പ്ലാസ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിനായി ലീഡര്‍ യാത്ര തുടങ്ങി. ഗസ്റ്റ് ഹൗസില്‍ നിന്ന് മാധവാഫാര്‍മസി ജങ്ഷന്‍ വഴി അബാദ് പ്ലാസയിലേക്ക് ലീഡറുടെ വാഹന വ്യൂഹം യു ടേണ്‍ എടുക്കുമ്പോഴാണ്  അന്നത്തെ വിദ്യാര്‍ഥി നേതാവായിരുന്ന രാജീവിന്‍റെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ ലീഡറുടെ ബെന്‍സിനു മുന്നിലേക്ക് കറുത്ത കൊടികളുമായി എടുത്തു ചാടുന്നത്. 

പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചു അന്ന് ഹാര്‍ബര്‍ സിഐ ആയിരുന്ന മാര്‍ട്ടിന്‍ കെ മാത്യുവിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം. ചിലരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും രാജീവടക്കം അഞ്ചോ ആറോ പേര്‍ പിന്‍മാറാന്‍ കൂട്ടാക്കാതെ റോഡില്‍ കിടന്നത് മാര്‍ട്ടിന്‍ ഓര്‍ക്കുന്നു. അവരുമായി പിടിയും വലിയുമായി. തല്ലിയിരുന്നില്ല.  ലാത്തിച്ചാര്‍ജ് വേണ്ടി വരുമെന്ന നിലയെത്തിയെങ്കിലും അതു വേണ്ടി വന്നില്ല. കൂടുതല്‍ പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെ രാജീവിനെയും സംഘത്തെയും പിന്തിരിപ്പിച്ചു. ബലമായി ജീപ്പിലേക്ക് കയറ്റി. പക്ഷേ പിടിവലിയ്ക്കിടെ രാജീവിന്‍റെ ഷര്‍ട്ടും മുണ്ടുമെല്ലാം കീറിപ്പറിഞ്ഞിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി രാജീവിനെ വലിച്ചു ജീപ്പിലേക്ക് കയറ്റുന്നതിനിടെ പകര്‍ത്തിയ ആ ചിത്രത്തിന്‍റെ കഥ അങ്ങനെ മാര്‍ട്ടിന്‍ പറഞ്ഞു നിര്‍ത്തി. 

അന്നത്തെ വിദ്യാര്‍ഥി സ്ഥാനാര്‍ഥിയായപ്പോള്‍

അന്നത്തെ അറസ്റ്റിനു മുമ്പും ശേഷവും പി.രാജീവുമായി മികച്ച സൗഹൃദമാണ് പുലര്‍ത്തിയിരുന്നതെന്ന് മാര്‍ട്ടിന്‍ കെ മാത്യു പറയുന്നു. കാലം മാറിയപ്പോള്‍ മാര്‍ട്ടിന്‍ കെ മാത്യു പൊലീസില്‍ ക്രൈംബ്രാഞ്ച് എസ്പി വരെയായി വിരമിച്ചു. വിദ്യാര്‍ഥി നേതാവായിരുന്ന രാജീവ് സംസ്ഥാനമറിയുന്ന രാഷ്ട്രീയ നേതാവായി വളര്‍ന്നു. രാജ്യസഭാംഗം എന്ന നിലയില്‍ പി.രാജീവ് നടത്തിയ ഇടപെടലുകളാണ് ഒരു നേതാവെന്ന നിലയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയതെന്ന അഭിപ്രായക്കാരനാണ് മാര്‍ട്ടിന്‍ കെ മാത്യു. അതുകൊണ്ടു തന്നെയാണ് അന്നത്തെ വിദ്യാര്‍ഥി നേതാവ് സ്ഥാനാര്‍ഥിയായെത്തിയപ്പോള്‍ പ്രവര്‍ത്തനത്തിനിറങ്ങാന്‍ തീരുമാനിച്ചതും എറണാകുളം ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നടന്ന ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും. 

ഇടതുമുന്നണി ഭരിക്കുന്ന തേവര അര്‍ബന്‍ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് മാര്‍ട്ടിന്‍. രാഷ്ട്രീയത്തിനപ്പുറമുളള രാജീവിന്‍റെ ഇമേജ് എറണാകുളത്തെ തിരഞ്ഞെടുപ്പു ഫലത്തില്‍ നിര്‍ണായകമാകുമെന്ന പക്ഷക്കാരനാണ് മാര്‍ട്ടിന്‍ െക മാത്യു. പി.രാജീവ് മാത്രമല്ല. വി.ഡി.സതീശനും,ഹൈബി ഈഡനും, സി.എന്‍.മോഹനനുമെല്ലാം ഒരു കാലത്ത് തന്‍റെ ജീപ്പിന്‍റെ പിന്നില്‍ ഇരുന്നവരാണെന്ന കൗതുകവും പങ്കുവച്ചാണ് മാര്‍ട്ടിന്‍ കെ.മാത്യു സംഭാഷണം അവസാനിപ്പിച്ചത്.

MORE IN KERALA
SHOW MORE