വീട്ടിലെത്തി യുവമോർച്ച നേതാക്കളും; ‘പിണറായി രക്തദാഹിയായ മുഖ്യൻ’

periya-murder-yuvamorcha-visit
SHARE

പെരിയ ഇരട്ടക്കൊലപാതകം ഉയർത്തിയ ചർച്ചകൾ രാഷ്ട്രീയകേരളം സജീവമായി ചർച്ചചെയ്യുകയാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ക്രൂരമായി കൊല്ലപ്പെട്ട രണ്ടു ചെറുപ്പക്കാരുടെ വീടുകളിലേക്കും കേരളത്തിന്റെ കാതും കണ്ണും ഒാരോദിവസവും കടന്നുചെല്ലുകയാണ്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരതിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ രാഷ്ട്രീയം മാറ്റിവച്ച് യുവമോർച്ച സംസ്ഥാന നേതാക്കളും എത്തി. സംസ്ഥാന അധ്യക്ഷൻ കെ.പി പ്രകാശ് ബാബുവും ഉപാദ്ധ്യക്ഷൻ ബിജു എളക്കുഴിയും ഉൾപ്പെടെയുള്ള നേതാക്കളാണ് കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത്. 

അതേസമയം ഇരട്ടക്കൊലക്കേസിൽ കസ്റ്റഡിയിലുള്ള അഞ്ചു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, ഒാട്ടോ ഡ്രൈവര്‍ അനി എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. കൃത്യം നടത്തിയത് പീതാംബരന്‍റെ നിര്‍ദേശപ്രകാരമെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയ സജി ജോർജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ എത്തുന്നുണ്ട്. 

പ്രകാശ് ബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

മോദി വിരുദ്ധതയുടെ മറവിൽ ഈ രക്തസാക്ഷിത്വവും ഒത്തുതീർപ്പാക്കാതിരിക്കട്ടെ...

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷിക്കാന്‍ കുഞ്ഞനന്തനിലും കെ.സി.രാമചന്ദ്രനിലും അന്വേഷണം അവസാനിപ്പിച്ചതിന് സമാനമായി പെരിയ ഇരട്ട കൊലപാതകം കേസില്‍ അറസ്റ്റിലായ ലോക്കല്‍ കമ്മറ്റി അംഗം എ.പീതാംബരനില്‍ കേസ് അവസാനിപ്പിക്കാനുള്ള അണിയറ നീക്കം കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ആരംഭിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു.

കൊലപാതകത്തില്‍ മുഖം വികൃതമായ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് ആസൂത്രണം ചെയ്ത തിരക്കഥയാണ് അറസ്റ്റിലായ മുഖ്യപ്രതിയായ പീതാംബരന്റെ കുറ്റസമ്മതം എന്ന കാര്യത്തിൽ സംശയമില്ല.സംഭവത്തില്‍ ഉദുമ എംഎല്‍എയുടെയും സിപിഎം ജില്ലാ സംസ്ഥാന നേതാക്കളുടെയും പങ്ക് അന്വേഷണ വിധേയമാക്കാത്തത് ഇതിനുള്ള തെളിവാണ്.. ഇടതു ഭരണത്തില്‍ ആയിരം ദിവസത്തില്‍ നടന്ന ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിനാറിലും പ്രതിസ്ഥാനത്തുള്ള പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെയും നേതാക്കളുടെയും മുതലക്കണ്ണീര്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് താല്പര്യമില്ലെന്ന് മാത്രമല്ല കൊലക്കത്തി എടുക്കാന്‍ പ്രേരിപ്പിച്ച മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് സ്വാതന്ത്രം കൊടുക്കണം. 

അറസ്റ്റിലായ പീതാംബരന്റെ കുറ്റസമ്മതമൊഴി ഊന്നിപ്പറഞ്ഞുകൊണ്ട് ആഭ്യന്തര വകുപ്പും സിപിഎം നേതൃത്വവും പോലീസിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയണ്. കഴിഞ്ഞ കാലങ്ങളില്‍ അധികാരത്തിന്റെ തണലില്‍ നൂറുകണക്കിന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊലകത്തിക്കിരയാക്കിയ ചുവപ്പു ഭീകരതയെ എതിര്‍ക്കുന്നതിനു പകരം വെള്ളപൂശിയതിന്റെ പശ്ചാത്താപമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കണ്ണുനീർ. ആഫ്രിക്കയിലെ ഇരുണ്ട യുഗത്തിലെ നരഭോജികൾക്കുള്ള കാരുണ്യവും ദയയുമില്ലാത്ത രക്തദാഹിയായ മുഖ്യനാണ് പിണറായി.

MORE IN KERALA
SHOW MORE