സമവായം പ്രചരണം മാത്രം ; പിന്നോട്ടില്ല: വീണ്ടും വെടിപൊട്ടിച്ച് ജോസഫ്

joseph-mani-udf
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിനുള്ള യുഡിഎഫ് ഉഭയകക്ഷിചര്‍ച്ചയ്ക്ക് മുമ്പ് നിലപാട് കടുപ്പിച്ച് പി.ജെ.ജോസഫ്. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതോടെ 26ന് കൊച്ചിയില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി പി.കെ.കുഞ്ഞാലിക്കുട്ടി കെ.എം.മാണിയും പി.ജെ.ജോസഫുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും.  

സീറ്റുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ വഴിതുറന്നിരുന്നു. രണ്ടുസീറ്റ് കിട്ടിയില്ലെങ്കില്‍ കോട്ടയം സീറ്റില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താമെന്ന കുഞ്ഞാലിക്കുട്ടിയുടെ ഫോര്‍മുല ഫലം ചെയ്യുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് പി.ജെ.ജോസഫ് വീണ്ടും വെടിപൊട്ടിച്ചത്. സീറ്റിന്റെ കാര്യത്തില്‍ സമവായമായെന്ന പ്രചാരണം ഊഹാപോഹം മാത്രമാണെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

എന്നാല്‍ പി.ജെ.ജോസഫിന്റെ പരസ്യപ്രതികരണം കണ്ട് ഭയക്കേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വത്തിന്റേത്. 26ന് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രശ്നപരിഹാരത്തിന് വഴി തെളിയുമെന്നുതന്നെയാണ് അവരുടെ പ്രതീക്ഷ. ലീഗും കേരളകോണ്‍ഗ്രസും കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി 26ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഘടകക്ഷികള്‍ക്ക് അധികസീറ്റ് നല്‍കാതെ ഉഭയകക്ഷി ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാക്കാനാകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഉഭയകക്ഷി ചര്‍ച്ച 18ല്‍ നിന്ന് 26ലേക്ക് മാറ്റിയത്.  

MORE IN KERALA
SHOW MORE