കൊച്ചി മെട്രോ പരിസരങ്ങളിൽ അന്തിയുറങ്ങിയവരെ ഒഴിപ്പിച്ചു; അഗിതമന്ദിരങ്ങളിലേക്കു മാറ്റും

കൊച്ചി മെട്രോ റയില്‍ പാതയ്ക്കുകീഴിലും സ്റ്റേഷന്‍ പരിസരങ്ങളിലും അന്തിയുറങ്ങിയവരെ പൊലീസ് ഒഴിപ്പിച്ചു. സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മെട്രൊ പൊലീസിന്റെ നടപടി. തെരുവില്‍ അന്തിയുറങ്ങുന്നവരെ അഗതിമന്ദിരങ്ങളിലേക്ക് മാറ്റുന്നതിന്റെ ആദ്യഘട്ടമാണ് ഇതെന്ന് പൊലീസ് പറയുന്നു. 

കളമശേരിയില്‍ കഴിഞ്ഞദിവസം പ്രവര്‍ത്തനം തുടങ്ങിയ മെട്രൊ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി.  ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നാടോടി സംഘത്തെയും യാചകരേയും പൊലീസ് നീക്കി. പരസ്യമദ്യപാനവും, ലഹരിമരുന്നുകളുടെ ഉപയോഗവും ഏറിവരികയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. 

ഉറങ്ങാന്‍ ഇടമില്ലെങ്കില്‍ തല്‍ക്കാലം റയില്‍വേ സ്റ്റേഷനിലേക്കോ ബസ് സ്റ്റാന്‍ഡിലേക്കോ പോകണമെന്ന് പൊലീസ് നിര്‍ദേശിക്കുന്നു. തെരുവില്‍ അന്തിയുറങ്ങുന്നവരെ അഗതിമന്ദിരങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം നീക്കിയവര്‍ അടുത്തദിവസങ്ങളില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും പരിശോധനകളും നടപടികളും തുടരാനാണ് മെട്രോ പൊലീസിന്റെ തീരുമാനം.