ജല അതോറിറ്റിയുമായി ഏകോപനമില്ല; മേല്‍പ്പാല നിര്‍മാണത്തിനിടെ പതിവായി പൈപ്പ് പൊട്ടുന്നു

കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണത്തിനിടെ ജലവിതരണ പൈപ്പ് പൊട്ടുന്നത് പതിവായതോടെ കുടിവെള്ളക്ഷാമത്തില്‍ വലഞ്ഞ് പശ്ചിമകൊച്ചിയിലെ ജനങ്ങള്‍. വ്യാഴാഴ്ച മുതല്‍ തടസ്സപ്പെട്ട ജലവിതരണം ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. മേല്‍പ്പാലം നിര്‍മിക്കുന്നവരും ജല അതോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങള്‍ക്കുകാരണമെന്നാണ് മരട് നഗരസഭയുടെ ആക്ഷേപം.

മേല്‍പാലനിര്‍മാണത്തിനായി കുഴിയെടുക്കുന്നതിനിടെ കഴിഞ്ഞ ഏഴിനാണ് പശ്ചിമകൊച്ചിയിലേക്കും മരട് നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്കും കുടിവെള്ളം കടന്നുപോകുന്ന പൈപ്പ് പൊട്ടിയത്. ശനിയാഴ്ച വൈകിട്ട് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പമ്പിങ് തുടങ്ങിയതിനു പിന്നാലെ പൈപ്പുകള്‍ വീണ്ടും പൊട്ടി. രാത്രിമുഴുവന്‍ നീണ്ട പ്രവര്‍ത്തനത്തിനൊടുവില്‍ രാവിലെ ഏഴരയോടെ പമ്പിങ് പുനരാരംഭിച്ചെങ്കിലും മറ്റൊരിടത്ത് വെള്ളം ചോര്‍ന്നു.  

മൂന്നുമണിക്കൂറോളം എടുത്ത് അറ്റകുറ്റപ്പണി നടത്തി പതിനൊന്നോടെയാണ് പമ്പിങ് വീണ്ടും തുടങ്ങിയത്. കുടിവെള്ളപൈപ്പുകള്‍ കടന്നുപോകുന്ന ഇടങ്ങള്‍ ജല അതോറിറ്റിക്കാണ് അറിയാവുന്നത്. മേല്‍പാലനിര്‍മാതാക്കളും ജല അതോറിറ്റിയും തമ്മില്‍ കൂടിയാലോചനകള്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നാണ് ജനപ്രതിനിധികളുടെ ആക്ഷേപം.

ഓരോ മേഖലയിലേക്കും വെള്ളം കൊണ്ടുപോകാന്‍ പ്രത്യേകം വാല്‍വുകള്‍ സ്ഥാപിക്കാത്തതിനാല്‍ ജലവിതരണ ശൃംഖലയില്‍ എവിടെയെങ്കിലും തകരാര്‍ ഉണ്ടായാല്‍ കുടിവെള്ളവിതരണം പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ട സ്ഥിതി ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുകയാണ്.