വിശ്വാസികളെ വ‍ഞ്ചിച്ചു; സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പന്തളം കൊട്ടാരം

panthalam-palace
SHARE

ലോക്സഭാതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ പന്തളം കൊട്ടാരം ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് കൊട്ടാരത്തിന്റെ നിലപാടുകളെന്ന ആരോപണം കൊട്ടാരം പ്രതിനിധി തളളി. അതേസമയം ബി ജെ പി യുടെ മലയാളികളായ രാജ്യസഭാംഗങ്ങള്‍ രണ്ട് പേരും ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താത്പര്യക്കുറവ് അറിയിച്ചു.  ക്ഷേത്രസങ്കല്‍പങ്ങളും ആചാരങ്ങളും നിലനില്‍ക്കാന്‍ വേണ്ടി വിശ്വാസികള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ തയാറാകണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആഹ്വാനം. ശബരിമലയില്‍ സര്‍ക്ക‍ാരും ദേവസ്വംബോര്‍ഡും വിശ്വാസികളെ വഞ്ചിക്കുകയാണന്ന് കൊട്ടാരം പ്രതിനിധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതുസംബന്ധിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടിയും കൊട്ടാരത്തിലുള്ളവരുമായി ചര്‍ച്ചനടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സുരേഷ് ഗോപിയുടെയും പേരുകള്‍ ബി ജെ പി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുളളവരുടെ പട്ടികയില്‍ തുടക്കം മുതല്‍ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താത്പര്യമില്ലെന്ന പരസ്യപ്രതികരണത്തിലൂടെയാണ് അല്‍ഫോണ്‍സ് നിലപാട് വ്യക്തമാക്കിയത്. രാജ്യസഭ എംപിയെന്ന നിലയിൽ മൂന്നര വർഷം കൂടി ബാക്കിയുണ്ട്. പാർട്ടി നിര്‍ബന്ധിച്ചാല്‍ മാത്രം പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പറ‍ഞ്ഞു.

താന്‍ മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന്സുരേഷ് ഗോപി വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയില്ലെന്നും നേതൃത്വം പറ‍ഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറയുന്നു.

MORE IN KERALA
SHOW MORE