പ്രതിസന്ധി ഘട്ടത്തില്‍ കലാം അടക്കം ആരും സഹായിച്ചില്ല: തുറന്നടിച്ച് നമ്പി നാരായണന്‍

ചാരക്കേസില്‍ അകപ്പെട്ടപ്പോള്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അടക്കമുള്ള പ്രമുഖരാരും യഥാസമയം തന്നെ പിന്തുണച്ചില്ലെന്ന് നമ്പി നാരായണന്‍. കേസിന് പിന്നിലെ രാജ്യാന്തര ബന്ധങ്ങളെപ്പറ്റി ഇപ്പോഴും ആര്‍ക്കും ധാരണയില്ല. പ്രമുഖ ശാസ്ത്രജ്ഞരായ ഹോമി ജെ ബാബയുടേയും വിക്രം സാരാഭായിയുടേയും മരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുന്നത് എന്തുകൊണ്ടാണെന്നും നമ്പി നാരായണന്‍ ചോദിച്ചു.

ശത്രുക്കളുടെ ആക്രമണത്തേക്കാളും അവരുണ്ടാക്കിയ മുറിവുകളേക്കാളും തന്നെ വേദനിപ്പിച്ചത് ആത്മ സുഹൃത്തുക്കളെന്ന് കരുതിയവരുടെ നിശബ്ദതയാണ്. അന്തരിച്ച മുന്‍ രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അടക്കമുള്ളവര്‍ പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ചില്ല. ഒടുവില്‍ പിന്തുണയുമായി എത്തിയപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു.

ഇന്ത്യന്‍ ആണവ പരിപാടിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ഹോമി ജെ ബാബ 1966 ജനുവരി 24നാണ് മരിക്കുന്നത്. അതും ഒരു വിമാനാപകടത്തില്‍. ബ്ലാക്ക് ബോക്സ് കണ്ടെത്താനാകാത്തതിനാല്‍ അപകട കാരണം വ്യക്തമല്ല. 1971  ഡിസംബര്‍ 30 ന് തിരുവനന്തപുരത്ത് ഉറക്കത്തിനിടെ ആയിരുന്നു വിക്രം സാരാഭായിയുടെ മരണം. രണ്ട് മരണവും ദുരൂഹമായി ഇന്നും അവശേഷിക്കുകയാണ്.  ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് കണ്ട വികസിത വിദേശ രാജ്യങ്ങളാണോ ഇവയ്ക്കെല്ലാം പിന്നില്ലെന്ന് സ്വാഭാവികമായും സംശയിക്കേണ്ടി വരുമെന്നും നമ്പിനാരായണന്‍ പറഞ്ഞു.  കോഴിക്കോട് എന്‍ഐടി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.