കോടതി കടുപ്പിച്ചു; വീണ്ടും എംപാനലുകാരുടെ ജീവിതം തുലാസിൽ

ksrtc-highcourt22-1
SHARE

 കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി വഴിയേ നിയമനം പാടുള്ളുവെന്ന് ഹൈക്കോടതി കര്‍ശനനിര്‍ദേശം വന്നതോടെ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്ന കാര്യം അനശ്ചിതത്വത്തിലായി. പത്തുവര്‍ഷത്തിലധികം സര്‍വീസുള്ളവരെ തിരിച്ചെടുത്താല്‍ പോലും അത്രയും ഒഴിവുകള്‍ അധികം വൈകാതെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമെന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലെ പ്രതിസന്ധി. പിരിച്ചുവിടപ്പെട്ട എംപാനല്‍കണ്ടക്ടര്‍മാരുടെ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. 

പി.എസ്.സി വഴി നിയമനം കിട്ടിയിട്ടും വരാത്തവരുടെ ഒഴിവിലെങ്കിലും എംപാനലുകാരെ തിരിച്ചെടുക്കാമെന്നായിരുന്നു സര്‍ക്കാരിന്റ പ്രതീക്ഷ. ഇതിനായി പത്തുവര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരുടെ ലിസ്റ്റും ശേഖരിച്ചിരുന്നു. എന്നാല്‍ പിന്‍വാതില്‍ നിയമനം പാടില്ലെന്ന് പി.എസ് സിയും പി.എസ്.സി വഴിയേ നിയമനം നടത്താവുവെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചതോടെ തിരിച്ചെടുക്കല്‍ എളുപ്പമല്ലെന്നുറപ്പായി. എംപാനലുകാരെ തിരിച്ചെടുത്താല്‌ അത്രയും ഒഴിവുകള്‍ അധികം വൈകാതെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. സാമ്പത്തിക പ്രതിസന്ധികാരണം സ്ഥിര ജീവനക്കാരെ ഇനിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് താല്‍പര്യമില്ല. പക്ഷെ ജോലി നഷ്ടപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരെ ഉപേക്ഷിക്കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല.

രണ്ടുവഴികളാണ് കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലുള്ളത്. ഒന്ന് സര്‍ക്കാരിന്റ അനുമതിയോടെ ദിവസവേതനക്കാരായി കുറച്ചുപേരെയെങ്കിലും എടുക്കാം. അല്ലെങ്കില്‍ സ്ഥിരജീവനക്കാരുടെ അഭാവത്തില്‍ ഉപയോഗിക്കാനെന്ന പേരില്‍ എമര്‍ജന്‍സി പാനല്‍ അഥവാ എംപാനലുകാരായി  തന്നെ തിരിച്ചെടുക്കാം. പക്ഷെ അതിന് നിയമനിര്‍മാണം നടത്തേണ്ടിവരും. 

MORE IN KERALA
SHOW MORE