കളമശേരി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ നാളെ മുതല്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കും

കളമശേരി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ നാളെ മുതല്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ ദേശീയ പാതാ അതോറിറ്റി തീരുമാനിച്ചു. സര്‍വീസ് റോഡിന്റെ നിര്‍മാണം തുടങ്ങിയ സാഹചര്യത്തില്‍ ടോള്‍ പിരിവ് പുനരാരംഭിക്കുകയാണെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. മതിയായ കൂടിയാലോചനയില്ലാതെ ടോള്‍ പിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവാണ് ഏതാനും വര്‍ഷത്തെ ഇടവേളക്കുശേഷം ദേശീയപാതാ അതോറിറ്റി പുനരാരംഭിക്കുന്നത്. 

കാര്‍, ജീപ്പ് അടക്കമുള്ള ചെറുവാഹനങ്ങള്‍ക്ക് 45 രൂപയാണ് ടോള്‍ നിരക്ക്. മടക്കയാത്രകൂടി ചേര്‍ത്ത് 70 രൂപയാകും. മിനി ബസ്, ചെറിയ ചരക്കുവാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 75 രൂപയാണ് നിരക്ക്. ബസ്, ട്രക്ക് തുടങ്ങിയവയക്ക് 160 രൂപയാകും. ടോള്‍ പ്ലാസയുടെ 20 കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 255 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. പ്രദേശവാസികള്‍ക്ക് ടോള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കണ്ടെയ്നര്‍ റോഡ് കടന്നുപോകുന്ന മുളവുകാട് പഞ്ചായത്തിലെ റോഡ് വികസനമെന്ന ആവശ്യവുമായി നാട്ടുകാര്‍ നടത്തുന്ന റിലേ നിരാഹാരസമരം ഏഴുമാസം പിന്നിടുന്നതിനിടെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കുന്നത്.

സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചാല്‍ ടോള്‍ പിരിവ് പുനരാരംഭിക്കുമെന്ന് നേരത്തേ ധാരണയുണ്ടായിരുന്നുവെന്ന് ദേശീയപാതാ അതോറിറ്റി വിശദീകരിക്കുന്നു.