ശരിഅത്തിൽ കലഹിച്ച് യൂത്ത് ലീഗും സമസ്തയും; ഏറ്റുമുട്ടാനില്ലെന്ന് പി.കെ ഫിറോസ്

ശരിഅത്ത് നിയമഭേദഗതിയില്‍ യൂത്ത് ലീഗും സമസ്തയും നേര്‍ക്കുനേര്‍. ഇക്കാര്യത്തില്‍ യൂത്ത് ലീഗിന്‍റേത് എടുത്ത് ചാടിയ നിലപാടാണ് എന്ന് സമസ്ത തുറന്നടിച്ചു. എന്നാല്‍ സമസ്തയുമായി ഏറ്റുമുട്ടാനില്ലെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ മറുപടി. 

ശരിഅത്ത് ഭേദഗതി റൂളില്‍ ചില മാറ്റങ്ങള്‍ മാത്രം മതിയാകുമെന്ന പി.കെ ഫിറോസിന്‍റെ നിലപാടാണ് സമസ്തയെ പ്രകോപിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണ പ്രത്യാക്രമണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സമസ്തയും യൂത്ത് ലീഗും നടത്തുന്നത്. പി.കെ ഫിറോസ് നടത്തിയ വിശദീകരണത്തില്‍ സമസ്തക്ക് തൃപ്തിയില്ല. ഇത് മുസ്‌ലിം ലീഗ് നേതൃത്വത്തെയും കുഴപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് സമസ്തയുമായി ഏറ്റുമുട്ടാനില്ലെന്ന പി.കെ ഫിറോസിന്‍റെ പ്രഖ്യാപനം. 

ശരിഅത്ത് ചട്ടഭേദഗതിയിലേയ്ക്ക് നയിച്ച കേസില്‍ കക്ഷി ചേര്‍ന്ന യൂത്ത് ലീഗിന്‍റെ നടപടിക്കെതിരെ ലീഗ് സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായെന്നാണ് സൂചന. എടുത്ത് ചാടിയുള്ള നീക്കം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.