ജീവനക്കാര്‍ കൂട്ടത്തോടെ യൂണിയന്‍ സമ്മേളനത്തിന് പോയി; പഞ്ചായത്ത് പ്രവര്‍ത്തനം നിലച്ചു

തിരുവനന്തപുരം വിളപ്പില്‍ശാല പഞ്ചായത്തിലെ ജീവനക്കാര്‍ കൂട്ടത്തോടെ യൂണിയന്‍ സമ്മേളനത്തിന് പോയതോടെ പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു. സെക്രട്ടറി അടക്കമുള്ളവര്‍ ഒപ്പിട്ട ശേഷമാണ് പാര്‍ട്ടി പരിപാടിക്ക് പോയത്. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തിയ ഒട്ടേറെപ്പേര്‍ നിരാശരായി മടങ്ങേണ്ടിവന്നു.

വിളപ്പില്‍ശാല പഞ്ചായത്ത് ഓഫീസിന്റെ ഇന്നത്തെ അവസ്ഥയാണിത്. സെക്രട്ടറി മുതല്‍ ക്ളര്‍ക്ക് വരെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഓണാക്കി വച്ച കംപ്യൂട്ടറുകളും വെറുതേ കറങ്ങുന്ന ഫാനുകളും കാണാമെന്നല്ലാതെ ഓഫീസിലെത്തിയാല്‍ നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ല.

20 ജീവനക്കാരില്‍ 19 പേരാണ് ഇന്ന് രാവിലെ ഓഫീസിലെത്തി ഹാജരും രേഖപ്പെടുത്തി മുങ്ങിയത്. കാട്ടാക്കടയില്‍ നടക്കുന്ന എന്‍.ജി.ഒ യൂണിയന്‍ ഏരിയാ സമ്മേളനത്തിലേക്കാണ് ജീവനക്കാരെല്ലാം പോയതെന്നാണ് ആക്ഷേപം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓഫീസിന്റെ പ്രധാനകവാടം പൂട്ടി പ്രതിഷേധിച്ചു.

വിവിധ ആവശ്യത്തിനായി വന്നവര്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം മടങ്ങുകയായിരുന്നു.എന്നാല്‍ സെക്രട്ടറി പോയത് യൂണിയന്‍ സമ്മേളനത്തിനല്ലെന്നും പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യത്തിനാണെന്നുമാണ് വിശദീകരണം.