മുച്ചക്രവാഹന വിതരണത്തിന് എത്തിച്ചത് തുരുമ്പെടുത്ത വാഹനങ്ങൾ; തട്ടിപ്പ്

മലപ്പുറം മഞ്ചേരി നഗരസഭയുടെ മുച്ചക്രവാഹന വിതരണത്തിന് എത്തിച്ചത് പ്രളയകാലത്ത് വെള്ളത്തില്‍മുങ്ങി  തുരുമ്പെടുത്ത വാഹനങ്ങൾ. തട്ടിപ്പ് നഗരസഭ തന്നെ കയ്യോടെ പിടികൂടിയതോടെ ഉദ്ഘാടനം വേണ്ടന്നു വച്ചു. വാഹനം വാങ്ങാനെത്തിയ അംഗപരിമിതർ നിരാശരായി മടങ്ങി. 

വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി ഒരു മുച്ചക്രവാഹനത്തിന് 78000 രൂപ വില നല്‍കിയാണ് കെല്‍ട്രോണ്‍ വഴി വിതരണത്തിന് എത്തിച്ചത്.   ചുള്ളക്കാട് ജിയുപി സ്കൂൾ മൈതാനിയിൽ താക്കോൽ നൽകി ഉദ്ഘാടനത്തിനായി കമ്പനി പുത്തൻ വാഹനങ്ങൾ നിരത്തിവച്ചു. നഗരസഭാ ആധ്യക്ഷയും കൂട്ടരും താക്കോല്‍ കൈമാറാന്‍ തുടങ്ങിയപ്പോഴാണ് ചെളി പുരണ്ടതും സീറ്റ് കേടായതും ശ്രദ്ധയിൽപെട്ടത്. വാഹനങ്ങൾ ഓരോന്നായി പരിശോധിച്ചപ്പോൾ വിവിധ തകരാർ കണ്ടെത്തി. ചില സ്കൂട്ടറുകളൊന്നും സ്റ്റാര്‍ട്ടായില്ല. വൈദഗ്ധ്യമുളളവരെ വിളിച്ചു വരുത്തി സൂക്ഷ്മ പരിശോധന നടത്തി. ചിലതു തുരുമ്പെടുത്തിട്ടുണ്ട്. മിക്ക വാഹനത്തിന്റേയും സീറ്റില്‍ അഴുക്കു പുരണ്ടിട്ടുണ്ട്.

ഗുണനിലവാരം സംബന്ധിച്ച് സംശയം ഉയര്‍ന്നതോടെ മുച്ചക്രവാഹനങ്ങള്‍ എത്തിച്ചവര്‍ താക്കോലുകളുമായി രക്ഷപ്പെട്ടു. പ്രതിഷേധമുയര്‍ന്നതോടെ താല്‍ക്കാലിക റജിസ്ട്രേഷന്‍ റദ്ദാക്കി വാഹനങ്ങള്‍ കമ്പനി തന്നെ തിരിച്ചെടുത്തു. കഴിഞ്ഞ വർഷം നൽകിയ 54 മുച്ചക്രവാഹനങ്ങളില്‍ ചിലതിനും തകരാറുളളതായി പരാതിയുയര്‍ന്നിട്ടുണ്ട്.