തന്നെ കൊല്ലാൻ പദ്ധതിയിട്ടത് അറിഞ്ഞില്ല; ഇരട്ടക്കൊലയ്ക്ക് ഇസ്രവേൽ കൂട്ടായി; നടുക്കം

idukki-murder
SHARE

ഇടുക്കി ചിന്നക്കനാൽ  നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ പിടിയിലായത് രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ കണ്ട ശേഷം തിയറ്ററിൽ നിന്നു പുറത്തിറങ്ങിയപ്പോൾ.  മധുരയിലെ തിയറ്ററിനു മുന്നിൽ വച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. 

എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം മോഷണ ശ്രമത്തിനിടെയാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. മോഷണവും കൊലപാതകങ്ങളും കാമുകിയുമായി ജീവിക്കാണെന്നും പ്രതി ബോബിന്‍ മൊഴി നല്‍കി. ഇതേ കേസിൽ അറസ്റ്റിൽ ആയ കപിലയാണ് ബോബിന്റെ കാമുകി. ബോബിനെ സഹായിച്ച കപിലയുടെ ഭർത്താവ് ഇസ്രവേലിനെയും കൊല്ലാന്‍ ബോബിന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പിനിടെ ബോബിനു നേര്‍ക്ക് നാട്ടുകാരുടെ ആക്രമണമുണ്ടായി.  കാമുകി കപിലയുടെ ഭര്‍ത്താവ് ഇസ്രവേലിനെയും കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. പണം സമ്പാദിച്ച് കപിലയ്ക്കൊപ്പം ജീവിക്കാനായിരുന്നു ബോബിന്റെ തീരുമാനം. ഈ ബന്ധം അറിയാതെയാണ് ഇസ്രവേൽ ബോബിനെ സഹായിച്ചത്. ഇരട്ടക്കൊലപാതകക്കേസില്‍ കപിലയും ഇസ്രവേലും അറസ്റ്റിലായിരുന്നു. ചിന്നക്കനാലിൽ റിസോർട് ഉടമ ജേക്കബ് വര്ഗീസിനെയും ജോലിക്കാരൻ മുത്തയ്യയെയും കൊലപ്പെടുത്തിയത് താനാണെന്ന് എസ്റ്റേറ്റ് സൂപ്പർ വൈസർ ബോബിൻ പൊലീസിനോട് കുറ്റസമ്മതം നടത്തി. മോഷണ ശ്രമത്തിനിടെ ആയിരുന്നു കൊലപാതകം.

ബുധനാഴ്ച ബോബിൻ മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10.30നു ബോബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരുച്ചിറപ്പള്ളിയാണു കാണിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ്, രാജാക്കാട്, ശാന്തൻപാറ എസ്ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ 2 സംഘങ്ങളായി തിരിഞ്ഞ് തിരുച്ചിറപ്പള്ളിയിലെത്തി. അവിടെ എത്തിയപ്പോൾ ബോബിന്റെ മൊബൈൽ ഫോൺ തേനി ലൊക്കേഷൻ കാണിച്ചു. അന്വേഷണസംഘം തിരികെ തേനിയിലെത്തി. അന്വേഷണ സംഘം തേനിയിലെത്തിയപ്പോൾ ബോബിന്റെ മൊബൈൽ സിഗ്നൽ പഴനിയാണ് കാണിച്ചത്. പഴനിയിൽ അന്വേഷണ സംഘമെത്തിയപ്പോൾ ലൊക്കേഷൻ മധുരയാണ് കാണിച്ചത്.  അന്വേഷണസംഘം മധുരയിലെത്തി മൂന്നായി വഴി പിരിഞ്ഞു. 2 മണിക്കൂർ ഒരേ ലൊക്കേഷനിൽ സിഗ്നൽ നിന്നതോടെ പൊലീസ് ഉറപ്പിച്ചു– പ്രതി മുറിയെടുത്തിട്ടുണ്ട്; അല്ലെങ്കിൽ സ്ഥലത്തെ ഏതോ തിയറ്ററിലുണ്ട്. ആശുപത്രികൾ, ലോഡ്ജുകൾ, തിയറ്ററുകൾ എന്നിവ പരിശോധിച്ചു. ഇതിനിടയിലാണ് തിയറ്ററിൽ നിന്ന് ഇറങ്ങിയ വന്ന പ്രതി അന്വേഷണസംഘത്തിന്റെ മുന്നിൽ പെട്ടത്.തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2 ദിവസം മധുരയിൽ തങ്ങാനും ഇടതു കൈയിലേറ്റ പരുക്ക് സ്ഥലത്തെ ആശുപത്രിയിൽ പരിശോധിച്ച ശേഷം തമിഴ്നാട് വിടാനുമായിരുന്നു പ്രതിയുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു. 

കൊല നടന്നത് ശനിയാഴ്ച പുലർച്ചെയാണ്. എന്നാൽ കൊലപാതകം വിവരം പുറത്തറിയുന്നത് ഞായറാഴ്ചയും. പോലീസ് എത്തിയെന്ന വിവരം കിട്ടിയപ്പോൾ തമിഴ്നാട്ടിലേകടക്കാൻ തീരുമാനിച്ച ബോബിൻ   9 കിലോമീറ്റർ കാട്ടിലൂടെ നടന്നാണ് തമിഴ്‌നാട്ടിലെത്തിയത്.പിന്നീട് മധുരയിൽ രണ്ട്  ദിവസം തങ്ങി. അവിടെ സിനിമ കണ്ടു തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോഴാണ്  ബോബിൻ  പിടിയിലായത്. പ്രതിയുമായി പൊലീസ് സംഘം നടപ്പാറ ഏറ്റേറ്റിൽ തെളിവെടുപ്പ് നടത്തി.

ചിന്നക്കനാൽ നടുപ്പാറയിൽ തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ്(രാജേഷ്–40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ(55) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു ബോബിനെ അറസ്റ്റ് ചെയ്തത്. ബോബിൻ തമിഴ്നാട്ടിലെത്തിയതോടെ ആദ്യം ഷൂസും വസ്ത്രങ്ങളും ബാഗും വാങ്ങി. ഇതിനുശേഷമാണ് യാത്ര ആരംഭിച്ചത്. താടി എടുത്തു കളഞ്ഞ് വസ്ത്ര ധാരണ രീതികളും മാറ്റി ഫോണും സ്വിച്ച് ഓഫ് ചെയ്തു. ബസിലും ട്രെയിനിലുമായാണ് പ്രതി യാത്ര ചെയ്തത്. 

കൊലപാതകത്തിനു ശേഷം ബോബിൻ ഏലത്തോട്ടത്തിലുടെ നടന്നു കേരള–തമിഴ്നാട് വനാതിർത്തിയിലൂടെ തമിഴ്നാട്ടിലെ തേവാരത്ത് എത്തി. തേവാരത്ത് എത്താൻ പ്രതി 9 മണിക്കൂറോളം എടുത്തെന്നാണ് പൊലീസ് നിഗമനം. തേവാരത്ത് നിന്നു ബസ് കയറി തേനിയിലെത്തിയ ശേഷമാണ് പ്രതി തിരുച്ചിറപ്പള്ളിയിലേക്കു കടന്നത്. കേരള–തമിഴ്നാട് വനാതിർത്തിയിൽ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഈ വനപാതയിലൂടെയാണ് പ്രതി തമിഴ്നാട്ടിലെത്തിയത്.കുട്ടിക്കാലം മുതൽ കുറ്റവാസന ഉള്ള ആളാണ് ബോബിനെന്നു സുഹൃത്തുക്കൾ.  നാട്ടിൽ അധികം അടുപ്പക്കാർ ഇല്ലാത്ത ബോബിൻ വീട്ടുകാരുമായും നല്ല ബന്ധത്തിൽ അല്ല. രണ്ടര വർഷം മുൻപ് വരെ എറണാകുളത്ത് ഡ്രൈവർ ജോലി നോക്കിയിരുന്ന ബോബിൻ അവിടെ 2 മോഷണക്കേസുകളിൽ പ്രതിയായി. 

മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ ബോബിൻ ശിക്ഷാ കാലാവധിക്കുള്ളിൽ കോടതിയിൽ ഹാജരാകാത്തതിനാൽ വാറന്റ് ആയി.  ബോബിന്റെ പിതാവിനെ 10 വർഷം മുൻപ് കാണാതായിരുന്നു. അമ്മയും സഹോദരനുമാണ് കുളപ്പാറച്ചാലിലെ വീട്ടിൽ താമസിക്കുന്നത്. എറണാകുളം സ്വദേശിനിയെ ആണ് ബോബിൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഒരു കുട്ടിയും ഉണ്ട്.  2010 ൽ സഹോദരന്റെ വിവാഹത്തിന് ആണ് ബോബിന്റെ ഭാര്യയും കുട്ടിയും അവസാനമായി നാട്ടിലെത്തിയത്. അതിനു ശേഷം ഇടയ്ക്കിടെ ബോബിൻ എറണാകുളത്ത് എത്തി ഇവരോടൊപ്പം താമസിച്ചിരുന്നു.

എറണാകുളത്തു നിന്നു വന്ന ബോബിൻ സമീപ വീടുകളിൽ കൂലിപ്പണിക്കു പോയിരുന്നു. എന്തു ജോലിയും ചെയ്യാൻ മടിയില്ലാത്ത ബോബിൻ,  കയ്യിൽ പണം കിട്ടിയാൽ ആർഭാട ജീവിതം നയിക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു.  ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബോബിനെ (36) സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പിടികൂടാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായി.  ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ചത് 35 അംഗ പൊലീസ് സംഘം. കുറ്റകൃത്യത്തിനു ശേഷം ബോബിൻ തമിഴ്നാട്ടിലെ മധുരയിൽ ഉള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചതാണു കേസന്വേഷണത്തിൽ നിർണായകമായത്.

ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബു, ശാന്തമ്പാറ സിഐ എസ്.ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ 3 അന്വേഷണ സംഘങ്ങളാണ് പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയത്. രാജാക്കാട് എസ്ഐ പി.ഡി.അനൂപ്മോൻ, എഎസ്ഐമാരായ സി.വി.ഉലഹന്നാൻ, സജി.എൻ.പോൾ, സിപിഒമാരായ ആർ.രമേശ്, സി.വി.സനീഷ്, ഓമനക്കുട്ടൻ എന്നിവരുൾപ്പെട്ട സംഘമാണ് 3 ദിവസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 

MORE IN KERALA
SHOW MORE