വീണ്ടും പ്രതിഷേധമല; ഏഴുപേര്‍ക്കെതിരെ കേസ്; സംഘത്തില്‍ അന്യസംസ്ഥാനക്കാരും

sabarimala-reshma
SHARE

മകരവിളക്കിന് പിന്നാലെ ശബരിമലയിൽ ദർശനം നടത്താനെത്തിയ രണ്ടു യുവതികളെ തടഞ്ഞതില്‍ നല്ലൊരു ശതമാനം അന്യസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പഭക്തൻമാർ. ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള  അയ്യപ്പൻമാരാണ് രാവിലെ യുവതികളെ സന്നിധാനത്തേക്കുള്ള വഴിയിൽ പ്രധാനമായും തടഞ്ഞത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ് എന്നിവര്‍ക്കൊപ്പമാണ് ഷനിലയും രേഷ്മയും ഇന്ന് ദർശനം നടത്താൻ എത്തിയത്. 

ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ടുയുവതികളെ പൊലീസ് തിരിച്ചിറക്കിയത് അല്‍പം മുന്‍പാണ്.  ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി.  പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.  മടങ്ങിപ്പോകില്ലെന്നും വ്രതം നോറ്റാണ് എത്തിയതെന്നും യുവതികള്‍ അറിയിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധക്കാരില്‍ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രേഷ്മ മുന്‍പും ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു.  അതേസമയം, നൂറ് ദിവസത്തിലേറെ ദിവസം വ്രതം നോറ്റാണ്  മല കയറാനെത്തിയതെന്ന് രേഷ്മ നിഷാന്തും ഷാനില സജേഷും പറഞ്ഞു.  പൊലീസ് പൂര്‍ണ സുരക്ഷ ഉറപ്പ്  നല്‍കിയിരുന്നെന്നും ഇരുവരും പറഞ്ഞു. 

സന്നിധാനത്തേക്കുള്ള യാത്രിയിൽ ഇവരെ ആദ്യം തടഞ്ഞത് ആന്ധ്രയില്‍നിന്നുള്ള അഞ്ചോളം പേരടങ്ങുന്ന സംഘമാണ്. എന്നാൽ ഇവരെ പൊലീസ് നീക്കം ചെയ്ത് മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍ നീലിമലയില്‍ മൂന്നാമത്തെ ഷെഡിനു സമീപത്തു വച്ച് കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇവര്‍ കര്‍പ്പുരാഴി കത്തിച്ച് ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെ തടഞ്ഞു. പേരിനു മാത്രം മലയാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. തീര്‍ഥാടകരെ മുന്‍നിര്‍ത്തി യുവതികളെ തടയുകയെന്ന പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നാണു പൊലീസിന്റെ നിഗമനം. 

കോയമ്പത്തൂരിലെ കോവൈ ധര്‍മരാജ അരശപീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂര്‍ത്തി സ്വാമിയുടെ നേതൃത്വത്തില്‍ ദര്‍ശനത്തിനെത്തിയ 80 അംഗ സംഘം കൂടി തീര്‍ഥാടകര്‍ക്കൊപ്പം ചേര്‍ന്നതോടെ പൊലീസ് യുവതികളുമായി മുന്നോട്ടു പോകാനാകാതെ പ്രതിസന്ധിയിലായി. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതു പോലെ അന്യസംസ്ഥാന തീര്‍ഥാടകരെ ബലം പ്രയോഗിച്ചു നീക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയും പൊലീസിനുണ്ടായിരുന്നു.  

ബലം പ്രയോഗിച്ച് യുവതികളുമായി മുന്നോട്ടുപോയാൽ പ്രതിഷേധം കനക്കുമെന്ന് ഉറപ്പായി. കാരണം പൊലീസ് നടപടിയില്‍ അന്യസംസ്ഥാന തീര്‍ഥാടകര്‍ക്ക് പരുക്കേറ്റാൽ  പ്രതിഷേധത്തിന്റെ വ്യാപ്തിയും വർധിക്കും. ഒരുപക്ഷേ തമിഴ്‌നാട്ടിലും ആന്ധ്രയിലുമുള്ള മലയാളികളുടെ സുരക്ഷയെ വരെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. ഇതേതുടർന്നാണ് യുവതികളെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് തീരുമാനിച്ചത്. പമ്പയില്‍ എത്തിച്ച് ഇവരെ രണ്ടു വാഹനങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു.

MORE IN KERALA
SHOW MORE