പശുവിനെ മേയ്ക്കാൻ തോട്ടത്തിൽ പോയി; പിന്നീലൂടെയെത്തിയ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് മുണ്ടൂർ കാഞ്ഞിക്കുളത്ത് പശുവിനെ മേയ്ക്കാൻ പോയ ആളിനെ  കാട്ടാന ചവിട്ടിക്കൊന്നു. പനന്തോട്ടം വീട്ടിൽ വാസുവാണ് മരിച്ചത്.

മോപ്പാടം ചേലപ്പാറ കാട്ടിക്കാല്ല് പനന്തോട്ടത്തിൽ വാസുവാണ് കൊല്ലപ്പെട്ടത്. കല്ലടിക്കോടൻ മലയോടു ചേർന്നുള്ള റബ്ബർ തോട്ടത്തിൽ പശുവിനെ മേയ്ക്കുകയായിരുന്ന വാസുവിനെ പിന്നീലൂടെയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഓടിമാറാൻ ശ്രമിച്ചെങ്കിലും കൊമ്പ്കൊണ്ട് കുത്തി. 

വാസു സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പതിവായി കാട്ടാനയിറങ്ങുന്നയിടമാണ് കല്ലടിക്കോട് മുതൽ വാളയാർ വരെയുള്ള പ്രദേശം. ജനവാസ മേഖലയിൽ കാട്ടാന ശല്യം പരിഹരിക്കാൻ നടപടിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. 

കലക്ടർ സ്ഥലത്തെത്താതെ  മൃതദേഹം വിട്ടുകൊടുക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ആർഡിഒയും ഒലവക്കോട് ഡി.എഫ്.ഒ.യും പാലക്കാട് ഡിവൈഎസ്പിയും സ്ഥലത്തെത്തി നാട്ടുകാരുമായ ചർച്ച നടത്തി.

മരിച്ച വാസുവിന്റെ ആശ്രിതർക്ക്  നഷ്ടപരിഹാരമായി 5 ലക്ഷം രൂപ ഉടൻ നൽകും. ജോലി നൽകുന്നതിന് ശുപാർശ ചെയ്യും. പ്രദേശത്ത്  തെരുവ് വിളക്കുകളും  വൈദ്യുതിവേലിയും സ്ഥാപിക്കുമെന്നാണ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകിയ ഉറപ്പ്.