മദ്യവും കഞ്ചാവും പോരാ; പുതുലഹരി എംഡിഎംഎയും ലഹരി ഗുളികയും; ആശങ്ക

mdma-drugs
SHARE

മദ്യം, ക‍ഞ്ചാവ് തുടങ്ങിയ ‘പരമ്പരാഗത’ ലഹരിയൊന്നും പോരാ പുതിയ തലമുറയ്ക്കെന്നാണ് പുതിയ റിപ്പോർട്ടുകൾ. അവരിൽ ഏറെയും വിദ്യാസമ്പന്നരാണ്. അവരുടെ ബന്ധങ്ങൾ മുതിർന്നവരുടേതിനെക്കാൾ വിചിത്രവും വിശാലവുമാണ്. ലഹരിവസ്തുക്കളുടെ സംസ്ഥാനാന്തര ബന്ധങ്ങളാണ് അവരുടേത്. സംസ്ഥാനാന്തരം മാത്രമല്ല, വിദേശബന്ധമെന്നു പറയണം. പിടിയിലായവരിൽ ഒരാൾ വിദേശത്തു മെഡിസിൻ വിദ്യാർഥിയാണ്. തിരുവല്ലയിൽനിന്നു കാറിൽ അഞ്ചുപേരെ പിടിച്ചപ്പോൾ അവരെ സഹായിക്കുന്നതു നിയമവിദ്യാർഥി.

ജില്ലയിൽ കഴിഞ്ഞ വർഷം ലഹരിമരുന്നു കേസുകളിൽ പിടിയിലായവരിൽ ഏറെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരായിരുന്നു. ആലപ്പുഴയിലെ ചില ചെറുപ്പക്കാർ പിറന്നാൾ ആഘോഷിക്കുന്നതു പോലും ബെംഗളൂരുവിലും മറ്റുമാണ്. അവിടുത്തെ നിശാക്ലബ്ബുകളിൽ ആടിപ്പാടാം. അവിടെയൊക്കെ പുതുമുഖമായ എംഡിഎംഎ എന്ന സിന്തറ്റിക് ലഹരി കിട്ടും. പഞ്ചസാരയെക്കാൾ ചെറിയ തരിയാണ്. സിഗററ്റിൽ ചേർത്തു വലിക്കുന്നതാണു രീതി.

വിലയേറിയതാണ് എംഡിഎംഎ. ഒരു ഗ്രാമിന് 2,000 – 3,000 രൂപ വില. ആലപ്പുഴയിൽ ആദ്യമായി ഇതു പിടികൂടിയത് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.റോബർട്ട് ആണ്. അര ഗ്രാം കൈവശം വച്ചാലും റിമാൻഡ് ചെയ്യാൻ വകുപ്പുണ്ട്. 20 വർഷം വരെ തടവു ലഭിക്കാം. മൈസുരുവിലും ഗോവയിലുമൊക്കെ ഇപ്പോൾ ഇതു സുലഭമാണ്.

ജില്ലയിൽ ആദ്യമായി എംഡിഎംഎയുമായി പിടിയിലായ യുവാവ് പറഞ്ഞത് താൻ ഇലക്ട്രിഷ്യനാണെന്നും പിടികൂടിയ വസ്തു സോൾഡറിങ്ങിനുള്ള ലോഹം ആണെന്നുമാണ്. ഇപ്പോൾ തരിയായാണു പോലും ലഭിക്കുന്നത്! എക്സൈസ് ഉദ്യോഗസ്ഥർ ആധുനിക സംവിധാനത്തിൽ ഇതു പരിശോധിച്ചു. ലക്ഷണങ്ങളിൽനിന്ന് അപ്പോൾ തന്നെ മനസ്സിലായി, സംഗതി സോൾഡറിങ്ങിനുള്ള ലോഹമല്ലെന്ന്. എന്നിട്ടും താൻ ലഹരി ഉപയോഗിക്കുന്നയാളല്ലെന്നും പക്കൽ അത്തരം വസ്തുക്കളില്ലെന്നും പ്രതി അവസാനം വരെ വാദിച്ചുകൊണ്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് അയച്ചപ്പോൾ റിപ്പോർട്ട് കിട്ടി: എംഡിഎംഎ തന്നെ.

ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുമ്പോൾ എക്സൈസിനെ കബളിപ്പിക്കുന്നവരുണ്ട്. അസുഖം അഭിനയിക്കും. വൈദ്യസഹായം തേടും. എല്ലാം റിമാൻഡിൽനിന്നു രക്ഷപ്പെടാൻ. പലർക്കും വീട്ടുകാർ അറിയുന്നതു പോലും പ്രശ്നം. ലഹരിയുടെ ഇരുട്ടിലല്ലെങ്കിൽ അവരൊക്കെ വീട്ടിലെയും നാട്ടിലെയും അരുമകളാണ്.

എളുപ്പം കിട്ടുന്ന മറ്റൊരു ലഹരിയുണ്ട്. പേരു പറയാൻ നിവൃത്തിയില്ല. കൂടുതൽ കുട്ടികൾ അതിൽ വീണുപോകാതിരിക്കട്ടെ. ഗൃഹനിർമാണത്തിലും മറ്റും ഉപയോഗിക്കുന്ന വസ്തുവും പ്ലാസ്റ്റിക് കിറ്റുമാണ് അസംസ്കൃത വസ്തുക്കൾ. മണം പിടിച്ചു ലഹരി നേടുന്നതാണു വിദ്യ. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം പരിസരത്തു കുട്ടികളുടെ സംഘം സംശയകരമായി തമ്പടിക്കുന്നതറിഞ്ഞെത്തിയ എക്സൈസ് സംഘമാണ് ഇതു കണ്ടെത്തിയത്. രാത്രി 7 മണി സമയമാണ്. സംഘത്തെ കണ്ടപ്പോഴേ ഒരു കുട്ടി ഓടിപ്പോയി. മറ്റുള്ളവരോടു ചോദിച്ചപ്പോൾ ഫുട്ബോൾ കളിച്ചു വിശ്രമിക്കുന്നു എന്നായിരുന്നു മറുപടി. വിശദമായി ചോദിച്ചപ്പോൾ നിസ്സാര കളിയല്ല. കൂട്ടത്തിലൊരാളെക്കൊണ്ട് ഓടിപ്പോയവനെ ഫോണിൽ വിളിപ്പിച്ചു. ‘അവർ പോയോ?’ എന്നായിരുന്നു ഓടിപ്പോയ കുട്ടിയുടെ ആദ്യ ചോദ്യം. പോയെന്നും കുഴപ്പമില്ലെന്നും പറഞ്ഞ് അവനെയും വരുത്തി.

നഗരത്തിലെ പ്രശസ്തമായ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. ലഹരി ‘മണക്കാൻ’ പതിവായി എത്തിയിരുന്നത്. രക്ഷാകർത്താക്കളെ വരുത്തി കാര്യം പറഞ്ഞും കൗൺസലിങ് നടത്തിയും കുട്ടികളെ അപകട ലഹരിയുടെ ദുർഗന്ധത്തിൽനിന്ന് അകറ്റുന്ന ജോലി ഇപ്പോഴും എക്സൈസ് ചെയ്തുകൊണ്ടിരിക്കുന്നു.

ലഹരി ഗുളികയാണ് പുതുതലമുറയുടെ ഒരു ഇഷ്ടയിനം. മാനസിക രോഗങ്ങൾക്കുള്ള മരുന്നാണിത്. മെഡിക്കൽ സ്റ്റോറുകളിൽ ചുമ്മാ ചെന്നു വാങ്ങാൻ കഴിയില്ല. ഡോക്ടറുടെ കുറിപ്പടി വേണം. അതൊന്നും പയ്യൻമാർക്കു വലിയ പ്രശ്നമല്ല. വ്യാജ കുറിപ്പടികൾ എത്ര വേണം.അടുത്തിടെ പിടികൂടിയ ഒരാളിൽനിന്ന് എക്സൈസിനു കിട്ടിയത് 10 വ്യാജ കുറിപ്പടികളാണ്. ഗുളിക ഉപയോഗിക്കുന്നവരുടെ സംഘങ്ങളിൽ കുറിപ്പടിയെഴുതാൻ ‘വിദഗ്ധരു’ണ്ട്.

MORE IN KERALA
SHOW MORE