പമ്പയിൽ മകരജ്യോതി കാണാൻ സ്ഥലമില്ല; ഭക്തർ വലയും

sabarimala-2
SHARE

മകരവിളക്കു ദർശനത്തിനായി പമ്പയിലെത്തുന്ന തീർഥാടകർ ഇത്തവണ വലയുമെന്ന് ഉറപ്പ്. അയ്യപ്പന്മാർക്കിരുന്നു മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം പ്രളയത്തിൽ നശിച്ചതാണു ദുരിതമാകുന്നത്.പമ്പ ഹിൽടോപ്പ്, ത്രിവേണി യു ടേൺ, ആറ്റിലെ പടിക്കെട്ടുകൾ, വനം ഗെസ്റ്റ് ഹൗസിനു സമീപം എന്നിവിടങ്ങളിൽ തമ്പടിച്ചാണു അയ്യപ്പന്മാർ മകരജ്യോതി കണ്ടിരുന്നത്. 

ഹിൽടോപ്പിലേക്കുള്ള റോഡ് അടക്കം പ്രളയത്തിൽ നശിച്ചു. ഇതുമൂലം ഹിൽടോപ്പിൽ ഇത്തവണ പാർക്കിങ്ങും അനുവദിച്ചിട്ടില്ല. അയ്യപ്പന്മാരെ ആ ഭാഗത്തേക്കു കടത്തിവിടുന്നില്ല. മകരജ്യോതി ദർശിക്കാനായി കടത്തിവിടുമോയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

ത്രിവേണി യു ടേണിനു പിന്നിലുള്ള ഭാഗത്തു കയറിയിരുന്ന് അയ്യപ്പന്മാർ ജ്യോതി കണ്ടിരുന്നു. പ്രളയത്തിൽ ഇവിടം ഇടിഞ്ഞുവീണിരുന്നു. മണ്ണു നീക്കിയെങ്കിലും അയ്യപ്പന്മാരെ ഇവിടേക്കു കടത്തിവിടുന്നതു സുരക്ഷിതമല്ല. ത്രിവേണി നടപ്പാലത്തോടു ചേർന്നു ആറിന്റെ വശത്തു നിർമിച്ചിരുന്ന പടിക്കെട്ടിൽ ഇരുന്നു ജ്യോതി കണ്ടിരുന്നു.

പ്രളയത്തിൽ പടിക്കെട്ടുകൾ പൂർണമായി തകർന്നു. ഇതോടു ചേർന്ന ആറിന്റെ തീരവും തകർന്നിരുന്നു. മണൽച്ചാക്കുകൾ അടുക്കിയാണ് ഇവിടം സംരക്ഷിച്ചിരിക്കുന്നത്. ഇവിടേക്കും അയ്യപ്പന്മാരെ കടത്തിവിടാനാകില്ല.

ഫലത്തിൽ ദേവസ്വം ഗെസ്റ്റ് ഹൗസിനു പിന്നിലെ വനത്തിലിരുന്നു മാത്രമേ പമ്പയിൽ ജ്യോതി കാണാൻ സംവിധാനമുള്ളൂ. അവിടേക്കു കടത്തിവിടാനാകുന്ന തീർഥാടകരുടെ എണ്ണത്തിൽ പരിമിതിയുണ്ട്. ജ്യോതി ദർശനത്തിനായി കൂടുതൽ പേർ പമ്പയിലെത്തിയാൽ അവരെ അട്ടത്തോട്, ഇലവുങ്കൽ, നെല്ലിമല, അയ്യൻമല എന്നിവിടങ്ങളിലേക്കു പറഞ്ഞയക്കുകയെന്നതാണ് പൊലീസിനു മുന്നിലുള്ള പോംവഴി.

അട്ടത്തോട്ടിൽ മണ്ണാരക്കുളഞ്ഞി–പമ്പ പാതയിലിരുന്നാണ് അയ്യപ്പന്മാർ ജ്യോതി ദർശിക്കുന്നത്. ഇവിടെ കുറെ ഭാഗത്ത് ഇരുമ്പു പൈപ്പുകൾ നാട്ടി സുരക്ഷാവേലി നിർമിച്ചിട്ടുണ്ട്. ബാക്കി ഭാഗത്ത് താൽക്കാലിക വേലി പണിതു. പരമാവധി തീർഥാടകരെ ഇവിടെ ഉൾക്കൊള്ളാനാകുന്ന സംവിധാനം ഒരുക്കാനാണു പിഡബ്ല്യുഡി അധികൃതർക്കു നൽകിയിരിക്കുന്ന നിർദേശം.

MORE IN KERALA
SHOW MORE