‘ആത്മഹത്യ’ ചെയ്യുമെന്ന് പറഞ്ഞിട്ടില്ല; തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശശികല

kp-sasikala-pinarayi-vijayan
SHARE

ശബരിമലയിലെ യുവതീപ്രവേശ വിധി വന്ന് 96 ദിസങ്ങൾക്ക് ശേഷമാണ് വിധി നടപ്പായത്. ബിന്ദു കല്യാണിയും കനക ദുർഗയും ശബരിമലയിൽ നടന്നു കയറിയതോടെ വിധി നടപ്പായി. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് താന്‍ പറഞ്ഞില്ലെന്ന് വ്യക്തമാക്കിയും തെളിവ് ഹാജരാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചും ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്തെത്തി. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പരിഹാസമുന എയ്ത് രംഗത്തെത്തിയിരുന്നു. എന്തുകൊണ്ട് നിങ്ങൾ വാക്കുപാലിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലും ചോദ്യം അതിരു കടന്നതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി കെ.പി ശശികല രംഗത്ത് എത്തിയത്. ആത്മാഹുതി ചെയ്യാൻ മടിയൊന്നുമില്ല. പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്. അന്തിമ വിജയം ധർമ്മത്തിന്റേതാണ്. അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റെയോ ഭാഷ ഞാൻ പ്രയോഗിക്കില്ലെന്ന് കെ.പി ശശികല ഫെയ്സ്ബുക്കിൽ കുറിച്ചു. 

‘ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണ്. സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാൻ ഭരണകൂടം ശ്രമിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഞാൻ പറഞ്ഞതിന്റെ വിഡിയോ പുറത്തു വിടണം. തിരുപ്പതി ദേവസ്വം ബോർഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്. ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കിൽ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരം കയ്യാളുന്ന മുഖ്യൻ നടപടി സ്വീകരിക്കണം.അല്ലാത്തപക്ഷം വെറും സൈബർ കമ്മിയായി തരം താണെന്ന് സമ്മതിക്കുക– കെപി ശശികല കുറിച്ചു. 

യുവതീപ്രവേശത്തിൽ സർക്കാരിനെതിര രൂക്ഷ പ്രതികരണമാണ് കെപി ശശികല നടത്തിയത്.  യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടി തീക്കളിയെന്നായിരുന്നു ശശികലയുടെ പ്രതികരണം. കേരളത്തെ സംബന്ധിച്ച് ഇതില്‍ കൂടുതല്‍ ഒന്നും നടക്കാനില്ലെന്നും വളരെ വിഷമത്തോടെയാണ് പ്രതികരിക്കുന്നതെന്നും ശശികല പറഞ്ഞിരുന്നു. 

തന്‍റെ നെഞ്ചത്ത് ചവിട്ടിയേ സ്ത്രീകള്‍ മലകയറൂവെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ എവിടെയെന്നും സമൂഹമാധ്യമങ്ങൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

MORE IN KERALA
SHOW MORE