സ്വബോധമുള്ളയാൾ പറയുന്നതാണ് മരണമൊഴി, പൊലീസിന് എന്തു കാര്യം; വിചിത്രവാദങ്ങൾ; വിഡിയോ

pillai-venugopalan-nair
SHARE

മരണമൊഴി എന്നത് പൂര്‍ണബോധമുള്ള സമയത്ത് ഒരാൾ നൽ‌കുന്ന മൊഴിയാണെന്നും അതു തീരുമാനിക്കാൻ പൊലീസിനും ഡോക്ടര്‍ക്കും എന്താണ് അധികാരമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. സമരപ്പന്തലില്‍ കിടന്ന സികെ പത്മനാഭന്‍ മുന്‍പാകെ പറഞ്ഞതാണ് വേണുഗോപാലിന്റെ മരണ മൊഴിയെന്നും ശ്രീധരന്‍പിളള പറഞ്ഞു. ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണ മൊഴിയില്‍ ശബരിമലയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ പരാമര്‍ശമില്ല എന്ന പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷണര്‍ക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യവും ശ്രീധരൻപിള്ള ഉന്നയിച്ചു. ഈ രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.  

''പൊലീസുകാരന്‍ പറയുന്നതാണോ മരണമൊഴി?, ഡോക്ടര്‍മാര്‍ പറയുന്നതാണോ മരണമൊഴിയുടെ അന്തിമ വാക്ക്, എന്തിന് ഞാന്‍ കോടതിയെപ്പറ്റി പരാമര്‍ശിക്കുന്നില്ല. മരണമൊഴി എന്നു പറയുന്നത് പൂര്‍ണ സ്വബോധമുള്ള ഒരാളോട് പറയുന്നത് അത് സത്യസന്ധമാണെങ്കില്‍ അതിനെ സ്വീകരിക്കാം. അങ്ങനെയെങ്കില്‍ മരണ സമയത്ത് അദ്ദേഹം നടത്തിയ മരണമൊഴി എന്നു പറയുന്നത് സികെ പത്മനാഭനോട് പറഞ്ഞതാണ്'', തിരുവന്തപുരത്ത് ബിജെപി നിരാഹാരപന്തലിൽ സംസാരിച്ചുകൊണ്ട് ശ്രീധരൻപിള്ള പറഞ്ഞു. 

തനിക്കു സമൂഹത്തോടു വെറുപ്പാണെന്നാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ പെട്രോളൊഴിച്ചു തീ കൊളുത്തിയതിനെത്തുടർന്നു മരിച്ച മുട്ടട സ്വദേശി വേണുഗോപാലൻ നായരു(49)ടെ അന്ത്യമൊഴി. 

‘‘എനിക്കു സമൂഹത്തോടു വെറുപ്പാണ്. ജനങ്ങൾ ചെയ്തു കൂട്ടുന്നതു കാരണമാണു വെറുപ്പ്. ഞാൻ സ്വയം പെട്രോൾ ഒഴിച്ചു കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല’’– മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ഒന്നും തന്നെ മരണമൊഴിയിലില്ല. ആരും പ്രേരിപ്പിച്ചിട്ടല്ല ഇതു ചെയ്തതെന്നും ആർക്കെതിരെയും പരാതി ഇല്ലെന്നും ചോദ്യങ്ങൾക്കു മറുപടി നൽകി. സ്വന്തം പേരും അച്ഛന്റെ പേരും വീട്ടുപേരുമെല്ലാം മജിട്രേട്ടിനോടു പറഞ്ഞ അദ്ദേഹം, സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും മറുപടി നൽകി.

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ ബിജെപി നടത്തുന്ന നിരാഹാര സമരപ്പന്തലിനു സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. റോഡിന് എതിർവശത്തെ കാപ്പിറ്റോൾ ടവറിന്റെ മുന്നിൽ നിന്നു ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ വേണുഗോപാലൻ നായർ സമരപ്പന്തലിലേക്ക് ഓടി വരികയായിരുന്നു. സാരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നോടെയാണു മൊഴിയെടുത്തത്. ഉച്ചകഴിഞ്ഞായിരുന്നു മരണം. 

MORE IN KERALA
SHOW MORE