മല്‍സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ കിട്ടിയില്ല

help-fisherman1
SHARE

പ്രളയരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മല്‍സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ കിട്ടിയിട്ടില്ലെന്ന ആക്ഷേപം വ്യാപകമാകുന്നു. പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടെ ഗുരുതര പരുക്കേറ്റ ആലപ്പുഴ ആറാട്ടുപുഴയിലെ മല്‍സ്യതൊഴിലാളിയായ  രത്നകുമാറടക്കമുളളവരാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ലെന്ന വിമര്‍ശനമുയര്‍ത്തുന്നത്. മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് നല്‍കിയ ഉറപ്പുകള്‍ പോലും പാലിക്കപ്പെട്ടില്ലെന്ന് ഇവര്‍ പറയുന്നു.

രത്നകുമാര്‍ . പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ചെങ്ങന്നൂര്‍ പാണ്ടനാട്ടില്‍ വച്ചാണ് വമ്പന്‍ കവുങ്ങുമരം അടിവയറ്റിലിടിച്ച് രത്നകുമാറിന് ഇങ്ങനെ പരുക്കേറ്റത്. പരുക്കിന്‍റെ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടു ശസ്ത്രക്രിയകള്‍ കഴിഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയ ഉടനെയുണ്ടാകും.പക്ഷേ നാളിതുവരെയായും സര്‍ക്കാര്‍ വക സഹായങ്ങളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് രത്നകുമാര്‍ പറയുന്നു.

രത്നകുമാറിന്‍റെ സുഹൃത്ത് സതീഷിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കാലിന് ഗുരുതരപരുക്കേറ്റ് പണിക്കു പോലും പോകാനാകാതെ കഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന് ആകെ കിട്ടിയ സര്‍ക്കാര്‍ സഹായം പതിനായിരം രൂപയിലൊതുങ്ങി.

ചികില്‍സാ ചെലവടക്കം മുഴുവന്‍ സഹായങ്ങളും നല്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ സ്വകാര്യ വ്യക്തികളും സംഘടനകളും വാഗ്ദാനം ചെയ്ത സഹായങ്ങള്‍ പോലും ഇരുവര്‍ക്കും നിഷേധിക്കപ്പെട്ടു. പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സര്‍ട്ടിഫിക്കറ്റ്  പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ലെന്ന വസ്തുത സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പൊളളത്തരത്തിലേക്ക് കൂടിയാണ് വിരല്‍ചൂണ്ടുന്നത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.