അപവാദപ്രചരണം നടത്തിയതിന് കെ.പി. ശശികലക്കെതിരെ നിയമനടപടിയെന്ന് മന്ത്രി

kadakampally
SHARE

ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഭൂരിഭാഗവും അഹിന്ദുക്കളാണെന്ന അപവാദപ്രചരണം  നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. ശശികല പറഞ്ഞത് തിരുപ്പതി ദേവസ്വത്തെക്കുറിച്ചാണെന്നും മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബി.ജി.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. പിറവം പള്ളിയിലെ സുപ്രീംകോടതി വിധി നടപ്പാക്കാതെ ശബരിമല വിധി നടപ്പാക്കേണ്ടെന്ന് ബി.ജെ.പി ദേശീയസെക്രട്ടറി എച്ച്. രാജ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ അറുപത് ശതമാനവും അഹിന്ദുക്കളാണെന്ന നുണ പ്രചരിപ്പിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നൂവെന്ന് ആരോപിച്ചാണ് ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംമന്ത്രി സഭയെ അറിയിച്ചത്.

ശശികല വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപ്പതി ദേവസ്വത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ശബരിമലയുടെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. വ്യാജതെളിവുണ്ടാക്കി സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റ് പടിക്കല്‍ എ.എന്‍. രാധാകൃഷ്ണന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹരസമരം നാലാം ദിവസമായതോടെ പിന്തുണയുമായി ദേശീയസെക്രട്ടറി എച്ച്. രാജയടക്കമുള്ള നേതാക്കളെത്തി. യുവതിപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ തെറ്റുണ്ടെന്ന് രാജ ആരോപിച്ചു. 

സര്‍ക്കാരിന്റെ വനിത മതില്‍ സംഘാടക സമിതി അംഗമായിരുന്ന വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ സമരപന്തലിലെത്തി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു.

MORE IN KERALA
SHOW MORE