വാതിലുകൾ ഇല്ലാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി; നോട്ടിസ് നൽകി

വാതിലുകള്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അന്‍പതിലധികം ബസുകള്‍ക്ക് നോട്ടീസ് നല്‍കി. ഉത്തരവ് ഇനിയും പാലിച്ചില്ലെങ്കില്‍ ബസുകളുെട പെര്‍മിറ്റ് റദ്ദാക്കാനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നീക്കം. 

2006 ജൂലൈ ഒന്നിനാണ് സ്വകാര്യ ബസുകളില്‍ വാതിലുകള്‍ കര്‍ശനമാക്കിയുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ ഉത്തരവ് വന്നത്. ഇതിനെതിരെ ബസുടമകള്‍ കോടതിയെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പോലും കാറ്റില്‍ പറത്തിയാണ് എറണാകുളം ജില്ലയില്‍ വാതില്‍ ഘടിപ്പിക്കാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. വാതിലുള്ള ബസുകളാകട്ടെ അത് കെട്ടിവച്ചും ഒാടുന്നു. അപകടങ്ങള്‍ക്ക് അറുതിവരാതായാതോടെ രണ്ടാഴ്ച മുന്‍പ് പരിശോധന നടത്തി ബസുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ പല ബസുകളും അത് പാലിക്കാന്‍ ഇപ്പോഴും തയാറല്ല.

നോട്ടീസ് നല്‍കിയ ബസുകളില്‍ ഒരാഴ്ചക്കുള്ളില്‍  വാതില്‍ ഘടിപ്പിച്ചില്ലെങ്കില്‍ അവയുടെ സര്‍വീസ് പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. ജില്ലയില്‍ ഉടനീളം വരുംദിവസങ്ങളിലും സ്വകാര്യ ബസുകളുടെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരും