‘ഒരുപക്ഷേ ഇനി നമ്മൾ കാണില്ല’; കെട്ടിപ്പിടിച്ച് ഷാനവാസ് പൊട്ടിക്കരഞ്ഞു: മുല്ലപ്പള്ളി, വിഡിയോ

എം.ഐ.ഷാനവാസുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് വികാരഭാരത്തോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചെന്നൈയിലേക്ക് ചികിൽസയ്ക്ക് പോകും മുന്‍പ് ഒരു ദിവസം രാവിലെ ഏഴുമണിക്ക് ഷാനവാസ് തൈക്കാട് ഗസ്റ്റ് ഹൗസിൽ മുല്ലപ്പള്ളിയുടെ മുറിയിലേക്കെത്തി. മുന്നറിയിപ്പൊന്നുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷാനവാസിന്‍റെ വരവ്. 

മുല്ലപ്പള്ളിയുടെ ഭാര്യയും മകളുമായി ഏറെ നേരം വർത്തമാനം പറഞ്ഞ ഷാനവാസ് അവസാനം അവരോട് അടുത്ത മുറിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ഒറ്റയ്ക്കായതോടെ മുല്ലപ്പള്ളിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഒരുപക്ഷേ ഇനി നമ്മൾ കണ്ടേക്കില്ല എന്ന് പറഞ്ഞ് കരഞ്ഞ ഷാനവാസിനെ ഏറെ പണിപ്പെട്ടാണ് മുല്ലപ്പള്ളി ആശ്വസിപ്പിച്ചത്. പല തവണ രോഗങ്ങളെ തോൽപിച്ചെത്തിയ ഷാനവാസ് ഇത്തവണയും തിരിച്ചു വരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു മുല്ലപ്പള്ളി. പക്ഷേ ഷാനവാസ് പറഞ്ഞതുപോലെ അതവരുടെ അവസാന കൂടിക്കാഴ്ചയായി. 

ചെന്നൈ ആശുപത്രിയിൽ അതീവഗുരുതരവാസ്ഥയിൽ കഴിയുമ്പോൾ ഷാനവാസിനെ കാണാൻ മുല്ലപ്പള്ളി എത്തിയെങ്കിലും ആ സമയം വെൻറിലേറ്ററിലായിരുന്നു ഷാനവാസ്.  കൊച്ചിയിലെ അനുശോചനയോഗത്തിലായിരുന്നു വികാരഭാരത്തോടെയുള്ള ഓര്‍മപ്പറച്ചില്‍.