‘അനുജനെ തോൽപ്പിച്ച് അഗ്നി ശുദ്ധി വരുത്തൂ’; ജലീലിനോട് ഫിറോസിന്‍റെ 18 ചോദ്യങ്ങള്‍

jaleel-firos
SHARE

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വീണ്ടും രംഗത്ത്. ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈർഷ്യ തീർക്കാൻ സർവ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്‌ല്യാർക്ക് നേരെയും അട്ടഹസിക്കുകയാണ് മന്ത്രിയെന്ന് പികെ ഫിറോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാണക്കാട്ടു നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് മുസ്‌‌ലിം  ലീഗ് വിമർശനങ്ങൾക്ക് മറുപടിയായി ജലീൽ ഇന്നലെ തിരിച്ചടിച്ചിരുന്നു. 

പികെ ഫിറോസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

''അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ?
ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈർഷ്യ തീർക്കാൻ സർവ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്‌ല്യാർക്ക് നേരെയും അട്ടഹസിക്കുകയാണ് മന്ത്രി ശ്രീ. കെ.ടി ജലീൽ. അപ്പോഴും ഉയർത്തിയ ചോദ്യങ്ങൾക്ക് മാത്രം നാളിത് വരെയായി ഉത്തരമില്ല. ഇനി അദ്ദേഹം പറഞ്ഞ കാര്യങ്ങളോ രസകരവുമാണ്.

*ലീഗേരുടെ ലോൺ തിരിച്ചു പിടിക്കാനാണ് തന്റെ ബന്ധുവിനെ കൊണ്ട് വന്നത്

*കേരളത്തിൽ യോഗ്യതയുള്ള ഏക വ്യക്തി തന്റെ ബന്ധുവാണ്

*2006ൽ തോൽപ്പിച്ചതിന്റെ പ്രതികാരമാണ്

*മൂത്ത ലീഗ് യൂത്ത് ലീഗിനെ കൊണ്ട് കളിപ്പിക്കുകയാണ്

*ആകർഷണീയമായ ശമ്പളം ഉപേക്ഷിച്ച മഹാ ത്യാഗിയാണ് തന്റെ ബന്ധു

*പൊന്നാനി മത്സരിക്കുമോന്നുള്ള പേടി കൊണ്ടാണ്

*സി.പി.എമ്മിന്റെ സംരക്ഷണമുള്ളത് കൊണ്ട് രോമത്തിൽ തൊടാൻ കഴിയില്ല

*തന്നെ നിയമിച്ചത് എ.കെ.ജി സെന്ററിൽ നിന്നാണ്

ബഹുമാനപ്പെട്ട മന്ത്രീ അങ്ങ് പറഞ്ഞതൊക്കെ ശരിയോ തെറ്റോ ആവട്ടെ. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയൂ. ചോദ്യങ്ങൾ മനസ്സിലായില്ലെങ്കിൽ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.

1. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ ( 30-06-2016) അങ്ങയുടെ വകുപ്പിന് കീഴിലെ മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷനിലെ ജനറൽ മാനേജറെ പറഞ്ഞയച്ച് ആ പോസ്റ്റ് വേക്കൻറ് ആക്കിയതിന്റെ ഉദ്ദേശമെന്തായിരുന്നു?

2. തൊട്ടടുത്ത മാസം ( 28 -07- 2016) വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്തി പുതിയ ഉത്തരവിറക്കാൻ അങ്ങയുടെ സ്വന്തം ലെറ്റർ പാഡിൽ കുറിപ്പ് നൽകിയതിന്റെ താൽപ്പര്യം എന്തായിരുന്നു?

3. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയായ BTech wilh PGDBA എന്നത് യോഗ്യത മാനദണ്ഡങ്ങളിൽ പുതുതായി കൂട്ടിച്ചേർക്കാനുണ്ടായ കാരണമെന്താണ്?

4. വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തുമ്പോൾ മന്ത്രിസഭാ യോഗത്തിന്റെ അനുമതി തേടണമെന്ന ഗവ.സെക്രട്ടറിയുടെ നോട്ടിനെ അവഗണിച്ചത് എന്ത് കൊണ്ടാണ്?

5. അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്തണമെന്നുള്ള തന്റെ ആവശ്യത്തെ അധിക യോഗ്യത കൂട്ടിച്ചേർക്കുകയാണെന്ന തരത്തിൽ നോട്ട് എഴുതി ഫയൽ മന്ത്രി സഭാ യോഗത്തിൽ വെക്കുന്നതിൽ നിന്നും തടഞ്ഞത് എന്തിന് വേണ്ടിയായിരുന്നു?

6. ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പ്രമുഖ പത്രത്തിൽ പരസ്യം നൽകിയിരുന്നു എന്ന് എന്തിനാണ് കള്ളം പറഞ്ഞത്?

7.പരസ്യം നൽകിയില്ലെന്നത് കണ്ട് പിടിക്കപ്പെട്ടപ്പോൾ പണമില്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞ് ന്യായീകരിച്ച അങ്ങ് 12 പേരെ പിരിച്ച് വിട്ട് 22 പേരെ നിയമിച്ച് അധിക ബാധ്യത ഉണ്ടാക്കിയത് എന്തിനായിരുന്നു?

8. 2016 ഒക്ടോബർ 14 ന് ബന്ധു നിയമനത്തിന്റെ പേരിൽ ഇ പി ജയരാജൻ രാജിവെച്ചതിന്റെ തൊട്ടടുത്ത ദിവസം നടന്ന ഇന്റർവ്യുവിൽ കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്നല്ലേ കെ.ടി അദീബ് പങ്കെടുക്കാതിരുന്നത്?

9. കെ.ടി അദീബിന് വേണ്ടിയല്ലേ പിന്നീട് രണ്ട് വർഷം ഈ പോസ്റ്റിലേക്ക് ആരെയും നിയമിക്കാതിരുന്നത്?

10. അപേക്ഷകരിൽ രണ്ട് പേർക്ക് സാന്ത്വന നിയമനം നൽകിയത് അവർ പരാതിയുമായി രംഗത്ത് വരാതിരിക്കാനും അത് വഴി പൊതുജനം അറിയാതിരിക്കാനുമായിരുന്നില്ലേ? അതിലൊരാൾ അങ്ങയെ ന്യായീകരിക്കാൻ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട് പത്രക്കാരെ കണ്ടത് അങ്ങൊരുക്കിയ തിരക്കഥയായിരുന്നില്ലേ?

11. രാജി വെച്ച ഇ.പി ജയരാജൻ തിരികെ വീണ്ടും മന്ത്രിയായ സമയത്ത് തന്റെ ബന്ധുവിനെ നിയമിക്കാൻ കാരണം നിയമനം ആരും ഇനി വിവാദമാക്കില്ലെന്ന് കരുതിയിട്ടല്ലേ?

12. നേരത്തെ അപേക്ഷിച്ച ഒരാൾ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് കൊണ്ടാണ് അപേക്ഷ നിരസിച്ചതെന്ന് അങ്ങ് പറയുമ്പോൾ തന്നെ കേരളത്തിൽ അംഗീകാരമില്ലാത്ത, തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത PGDBA യുള്ള സ്വന്തം ബന്ധുവിനെ ജനറൽ മാനേജറായി നിയമിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

13. കെ.ടി അദീബിനെ സ്വകാര്യ ബാങ്കായ സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്നും പൊതുമേഖലാ സ്ഥാപനമായ മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷനിലേക്ക് നിയമിച്ചത് ഏത് വകുപ്പ് പ്രകാരമാണ്?

14. റൂൾ 9 B പ്രകാരം സർക്കാർ സ്ഥാപനത്തിൽ നിന്നോ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ നിന്നോ മാത്രമേ ഡപ്യൂട്ടേഷൻ പാടുള്ളൂ എന്നിരിക്കെ സൗത്ത് ഇന്ത്യൻ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്ന് കള്ളം പറഞ്ഞത് എന്തിന് വേണ്ടിയായിരുന്നു?

15. സൗത്ത് ഇന്ത്യൻ ബാങ്ക് അടക്കം ഷെഡ്യൂൾഡ് ബാങ്കുകൾ സ്റ്റാറ്റ്യുട്ടറി ബോഡിയല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ അനുകൂലമായ നിയമോപദേശം ലഭിച്ചു എന്ന് കള്ളം പറഞ്ഞതെന്തിനാണ്?

16. അനാകർഷണീയമായ ജോലി ഏറ്റെടുത്ത ത്യാഗിയായ ബന്ധു എന്തിനാണ് ജോലി ലഭിച്ച് ഒരാഴ്ച കഴിഞ്ഞ ഉടനെ അലവൻസുകൾ കൂട്ടിത്തരണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കത്ത് നൽകിയത്?

17. ലീഗേരുടെ ലോൺ തിരിച്ച് പിടിക്കാൻ കൊണ്ടു വന്ന ബന്ധു കയ്യോടെ പിടിക്കപ്പെട്ടപ്പോൾ രാജി വെച്ച് പോയത് എന്ത് കൊണ്ടാണ്?

18. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ എന്ത് കൊണ്ടാണ് നവംബർ 3-ന് വിജിലൻസിന് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കാത്തത്?

ഭീരുവിനെ പോലെ ഒളിച്ചോടാതെ ചോദ്യങ്ങൾക്ക് മറുപടി പറയൂ. അനുജ സഹോദരൻ എന്ന് അങ്ങ് വിശേഷിപ്പിച്ച ആനുകൂല്യമെടുത്ത് ഒരിക്കൽ കൂടി ചോദിക്കട്ടെ? ജ്യേഷ്ഠസഹോദരാ..... അങ്ങ് ജനകീയ സംവാദത്തിന് തയ്യാറുണ്ടോ? എത്ര കാലം ലീഗ് വിരുദ്ധത പ്രസംഗിച്ച് സി.പി.എമ്മുകാരെ പ്രീണിപ്പിച്ച് അങ്ങേക്ക് ഇങ്ങിനെ മുന്നോട്ട് പോകാൻ കഴിയും!

അനുജനെ തോൽപ്പിച്ച് അഗ്നി ശുദ്ധി വരുത്താനുളള അവസരം മുതലെടുക്കൂ......''

MORE IN KERALA
SHOW MORE