വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റ് പ്രവേശന വിവാദം; പ്രവേശനങ്ങൾ മേൽനോട്ടസമിതി റദ്ദാക്കി

karakkonam
SHARE

വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ കാരക്കോണം സ്വാശ്രയ മെഡിക്കല്‍കോളജില്‍ നടന്ന പ്രവേശനങ്ങള്‍ പ്രവേശന മേല്‍നോട്ടസമിതി റദ്ദാക്കി. സി.എം.എസ് ആംഗ്ലിക്കന്‍ ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് നല്‍കിയ സമുദായ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടിയ 9 പേരടക്കം 11 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ബിഷപ്പിന് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അര്‍ഹതയില്ലെന്നും ജസ്റ്റിസ് രാജേന്ദ്രബാബു അന്വേഷണത്തില്‍ കണ്ടെത്തി. ബിഷപ്പ് പണം വാങ്ങി സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. 

മനോരമ ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷനാണ് സി.എം.എസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പ് ഡേവിഡ് വി.ലൂക്കോസിന്റെ സമുദായസര്‍ട്ടിഫിക്കറ്റ് കച്ചവടം പുറത്തു കൊണ്ടുവന്നത്. പത്തുലക്ഷം രൂപയായിരുന്നു ന്യൂനപക്ഷ, എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള സമുദായസര്‍ട്ടിഫിക്കറ്റിന് ബിഷപ്പ് ചോദിച്ചത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സി.എം.എസ് ആംഗ്ലിക്കന്‍ സഭാ ബിഷപ്പിന്റെ സമുദായ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ നടന്ന അഡ്മിഷനുകള്‍ പ്രവേശന മേല്‍നോട്ടസമിതി അന്വേഷിച്ചത്. അന്വേഷണത്തില്‍ 11 കുട്ടികള്‍ വ്യാജസര്‍ട്ടിഫിക്കറ്റുമായി എം.ബി.ബി.എസ് പ്രവേശനം നേടിയെന്ന് കണ്ടെത്തി. ഇവരില്‍ 9പേര്‍ നല്‍കിയത് ബിഷപ്പ് ഡേവിഡ് വി. ലൂക്കോസിന്റെ സര്‍ട്ടിഫിക്കറ്റായിരുന്നു. ഈ വിദ്യാര്‍ഥികള്‍ എല്ലാം മറ്റ് സമുദായങ്ങളില്‍ പെട്ടവരാണെന്നും വ്യക്തമായി. ഇതെത്തുടര്‍ന്നാണ് ഈ പ്രവേശനങ്ങളെല്ലാം ജസ്റ്റിസ് രാജേന്ദ്രബാബു റദ്ദാക്കിയത്. ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിനും കോളജിനും നിര്‍ദേശം നല്‍കുകയും ചെയ്തു.

സി.എം.എസ് ആംഗ്ലിക്കന്‍ സഭ എന്ന സഭ ഇല്ലെന്ന് സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ്പും സിഎസ്ഐ മോഡറേറ്ററുമായ റവ.തോമസ് കെ. ഉമ്മന്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഡേവിഡ് വി.ലൂക്കോസിന് സമുദായസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവ് വ്യക്തമാക്കുന്നു.

MORE IN KERALA
SHOW MORE