ഷാപ്പിൽ കള്ള് മതി, തൊട്ടുകൂട്ടല്‍ വേണ്ട: എക്സൈസ് വകുപ്പ്

toddy-restriction
SHARE

കള്ളുഷാപ്പുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവാദമില്ലെന്ന് എക്സൈസ് അധികൃതർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലമ്പൂർ എക്സൈസ് അധികൃതർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വൃക്തമാക്കിയത്‌. 

കേരളത്തിലുടനീളം ഷാപ്പുകളിൽ കപ്പയും മീൻകറിയും ഉൾപ്പെടെ വിവിധ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾവരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ ഷാപ്പുകളിലെത്താറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരും കള്ളും ഒപ്പം വാങ്ങും. ഭക്ഷണവും കള്ളും പാഴ്സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്.

ക്ലാസിൽ കള്ള് കൊണ്ടുവന്ന ഹൈസ്കൂൾ വിദ്യാർഥിയെ അധ്യാപകർ പിടികൂടിയത് ഈയിടെയാണ്, കള്ളിനൊപ്പം ‘ടച്ചിങ്സ്’ വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്. ഭക്ഷണവിൽപനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണം.

ഉപയോഗിക്കുന്ന വെള്ളം 3 മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാർക്ക് ആരോഗ്യ വകുപ്പിന്റ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്. എന്നാൽ കള്ളുഷാപ്പുകളിൽ ഇതൊന്നും പാലിക്കുന്നില്ല. നിലമ്പൂർ എക്സൈസ് സർക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവിൽപനയുണ്ട്. എന്നാൽ സർക്കിൾ പരിധിയിലെ ഷാപ്പുകളിൽ ഭക്ഷണവിൽപന നടക്കുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അധികൃതരുടെ മറുപടി.

MORE IN KERALA
SHOW MORE