നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി. ഡിജിപി ലോക്നാഥ് ബഹ്റ വൈകിട്ട് നിലയ്ക്കലെത്തിയേക്കും. പത്തനംതിട്ട അഴുതിയില്‍ കാനനപാതയിലൂടെയെത്തിയ തീര്‍ഥാടകരെ തടഞ്ഞു. അതേസമയം, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് മറുപടിയോ പ്രത്യേക പരിഗണനയോ നല്‍കേണ്ടെന്നാണ് തീരുമാനം.  ശബരിമല ദര്‍ശത്തിനല്‍നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായിയും വ്യക്തമാക്കി.

മണ്ഡലകാലത്തിന് ശബരിമല നട തുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എരുമേലിയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുങ്ങിയില്ല. ഭക്തർക്ക് കുളിക്കാനുള്ള പുഴയുടെ ശുചീകരണം പോലും എങ്ങുമെത്തിയില്ല. ശുചിമുറികളുടെ അഭാവവും കുടിവെള്ളം വിതരണം ചെയ്യാത്തതും ഭക്തരെ വലയ്ക്കുകയാണ്.

എരുമേലിയിൽ ഭക്തർക്ക് എന്തുണ്ട് സൗകര്യമെന്ന് ചോദിച്ചാൽ കൈമലർത്തുകയെ നിവർത്തിയുള്ളൂ. ദിവസേന പതിനായിരത്തിൽ കുറയാത്ത ഭക്തരെത്തുന്ന എരുമേലിയിൽ ദേവസ്വം ബോർഡിന് ആകെയുള്ളത് 200ൽ താഴെ ശുചിമുറികൾ. ഉള്ളത് ശുചീകരിച്ച് ഉപയോഗിക്കാവുന്ന സ്ഥിതിയിലെത്തിക്കാൻ ഇതുവരെ സാധിച്ചില്ല. കുടിവെള്ള വിതരണത്തിനുള്ള സൗകര്യങ്ങൾ പോലും എരുമേലിയിലില്ല. 

എരുമേലിക്ക് പുറമെ അഴുത, കണമല ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ദേവസ്യം ബോർഡിന്റെ അനാസ്ഥയിൽ ബിജെപി നാമ ജപയാത്ര നടത്തി പ്രതിഷേധിച്ചു. നിലവിലെ സ്ഥിതി പരിഗണിച്ചാൽ ഈ തീർഥാടന കാലത്ത് ഭക്തർ അഭിമുകീകരിക്കേണ്ട പ്രതിസന്ധികൾ നിരവധിയാണ്.