കെവിന്‍ വധക്കേസ്; പൊലീസുകാര്‍ക്കെതിരെയും നടപടി വേഗത്തിലാക്കണമെന്ന് കുടുംബം

neenu
SHARE

കെവിന്‍ വധക്കേസില്‍ കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെയും ശിക്ഷ നടപടി വേഗത്തിലാക്കണമെന്ന് കെവിന്‍റെ കുടുംബം. കെവിന്‍റെ മരണത്തിനുള്‍പ്പെടെ ഇടയാക്കിയത് ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബുവിന്‍റെ  അനാസ്ഥയാണെന്ന് കെവിന്‍റെ ഭാര്യ നീനു മനോരമ ന്യൂസിനോട് പറഞ്ഞു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിലാക്കാനുള്ള കോടതിയുടെ തീരുമാനം ധൈര്യം നല്‍കുന്നതെന്നും കുടുംബം പ്രതികരിച്ചു.    

കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന കോടതി വിധിയോടെ നീതി വൈകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കെവിന്‍റെ കുടുംബം. ഇതോടൊപ്പമാണ് ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബു ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെയും നടപടി വേഗത്തിലാക്കണമെന്ന ആവശ്യം. മെയ് 27നാണ് കെവിനെ കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. രാവിലെ പരാതിയുമായെത്തിയ കെവിന്‍റെ ഭാര്യ നീനുവിനോടുള്‍പ്പെടെ എസ്ഐ എം.എസ്. ഷിബു മോശമായി പെരുമാറി. കേസ് എടുക്കാന്‍ പോലും വിസമ്മതിച്ചു. അന്വേഷണത്തില്‍ എസ്ഐക്ക് വീഴ്ച പറ്റിയതായി ബോധ്യപ്പെട്ടു. സസ്പെന്‍ഷനിലായ എസ്ഐക്കെതിരെ ആറ് മാസം മുന്‍പ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

അന്വേഷണത്തിലും കോടതി നടപടികളിലും കുടുംബം തൃപ്തി പ്രകടിപ്പിച്ചു. നീനുവിന്‍റെ പിതാവ് ചാക്കോ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. ആറ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സാനു ചാക്കോ, ചാക്കോ ഉള്‍പ്പെടെ എട്ട് പ്രതികള്‍ ജയിലില്‍ തുടരുകയാണ്.

MORE IN KERALA
SHOW MORE