ആചാരലംഘനമെങ്കില്‍ തില്ലങ്കേരിയെ ഭജനമിരുത്താം; നയം വ്യക്തമാക്കി കെ.സുരേന്ദ്രൻ

k-surendran-valsan-sabarimala
SHARE

ശബരിമലയിൽ ചിത്തിര ആട്ട പൂജാദിനത്തിൽ നടന്ന ആചാരലംഘനവിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതും പടിക്കെട്ടിൽ പുറംതിരിഞ്ഞ് നിന്ന് സംസാരിച്ചതും വലിയ വിവാദമായിരുന്നു. ശബരിമലയിൽ യുവതീപ്രവേശനമുണ്ടായാൽ ആചാരലംഘനമുണ്ടാകുമെന്ന് വാദിച്ച്  സമരം ചെയ്യുന്നവർ തന്നെ ആചാരലംഘനം നടത്തിയത് ബിജെപിയെയും സംഘപരിവാറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. 

വത്സൻ തില്ലങ്കേരി ആചാരം ലംഘിച്ചിട്ടുണ്ടെങ്കിൽ 41 ദിവസം ഭജനമിരുത്താൻ സംഘപരിവാർ തയാറാണെന്ന് കെ.സുരേന്ദ്രൻ കാസർകോട് പറഞ്ഞ​ു.. കാസർകോട് മധൂറിൽ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണു സുരേന്ദ്രന്റെ പരാമർശം. തന്ത്രി കൽപിക്കുന്ന പ്രായശ്ചിത്തം ചെയ്താൽ തീരാവുന്ന കുറ്റമേ വത്സൻ തില്ലങ്കേരി ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോർഡിൽ അംഗമായ ശങ്കർ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങൾ കോടതിയെ സമീപിച്ചാൽ ശങ്കർ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎയുടെ രഥയാത്രയ്ക്ക് തുടക്കമായി. ടിപ്പു സുൽത്താന്റെ ആക്രമണം അതിജീവിച്ച  കാസർകോട് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്തുനിന്നാണ് യാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയും, ബിഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ് രഥയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. അടുത്ത ചൊവ്വാഴ്ച പത്തനംതിട്ടയിൽ യാത്ര അവസാനിക്കും. ശബരിമലയിലെ സംഘർഷം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് രഥയാത്ര ഉദ്ഘാടനം ചെയ്ത് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

MORE IN KERALA
SHOW MORE