കോടിയേരിയോട് യോജിച്ച് പിണറായിയെ ‘തോണ്ടി’ ബല്‍റാം; ‘ശ്രീധരൻപിളളക്കെതിരെ കേസെടുക്കണം’

kodiyeri-sreedharan-pillai-vt-balram
SHARE

ശബരിമല സമരം ബിജെപി അജന്‍ഡയായിരുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചിലിൽ ഭരണ–പ്രതിപക്ഷനിരയില്‍ പ്രതിഷേധം ഇരമ്പുന്നു. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിച്ച് കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം രംഗത്തു വന്നു‍. 

ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ബിജെപിയുടെ നേതൃത്വത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടതെന്നും വി.ടി.ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. സംഘ് പരിവാർ നേതാക്കൾക്കെതിരെയാവുമ്പോൾ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോ അതോ അതിന്റെ തുടർ നടപടികൾ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നതെന്നും ബൽറാം കുറിച്ചു.

ശബരിമലയിലെ അക്രമങ്ങളുടെ ആസൂത്രകന്‍ ശ്രീധരന്‍പിള്ളയെന്ന് തെളിഞ്ഞുവെന്നും സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും കോടിയേരി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. ബിജെപിയുടെ ചെമ്പുതെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ജനങ്ങളില്‍ നിന്ന് ബിജെപി ഒറ്റപ്പെടും.  ശ്രീധരന്‍പിള്ള നീലവെള്ളത്തില്‍ വീണ കുറുക്കനെപ്പോലെയെന്നും ചെന്നിത്തല പരിഹസിച്ചു.

ശബരിമലയെ ഉപയോഗിച്ച് കേരളത്തിൽ ബി.ജെ.പി കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. തന്ത്രിമാരെയും പൂജാരിമാരെയും ഇതിനായി ഉപയോഗിക്കുന്നു. ശ്രീധരൻ പിള്ളക്കെതിരെ നിയമ നടപടിയെടുക്കുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും ഇ.പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

പ്രസംഗ വിഡിയോ പുറത്തുവിട്ടത് മനോരമന്യൂസാണ്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ചശേഷമെന്ന് പ്രസംഗത്തിൽ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. കോടതിയലക്ഷ്യമാകില്ലെന്ന് തന്ത്രിക്ക് താന്‍ ഉറപ്പുനല്‍കി. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിലാണ് പിള്ളയുടെ പ്രസ്താവന. ശബരിമലസമരം ബിജെപിക്ക് സുവര്‍ണാവസരമെന്നും എതിരാളികള്‍ തങ്ങളുടെ അജന്‍ഡയില്‍ വീണുകൊണ്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസംഗത്തില്‍ പറയുന്നു. 

MORE IN KERALA
SHOW MORE