വിരമിച്ചവര്‍ക്ക് കെ.എസ്.ആര്‍.ടി.സി കൊടുക്കാനുള്ളത് 38 കോടി രൂപ

TrivandrumNews
SHARE

വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി കൊടുക്കാനുള്ളത് 38 കോടി രൂപ. പണമുണ്ടായിട്ടും അനൂകൂല്യങ്ങള്‍ മനപൂര്‍വം വൈകിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാണെന്നാണ് മാനേജ്മെന്റിന്റ ആരോപണം. വിരമിച്ച 1300 ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ എത്രയും വേഗം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി ഊര്‍ജ്ജിത പെന്‍ഷന്‍ തീര്‍പ്പാക്കല്‍ പദ്ധതി തുടങ്ങി.

2017 ജൂണ്‍ മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ വിരമിച്ച 1300 പേര്‍ക്കാണ്  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാനുള്ളത്. വിരമിക്കുന്നതിന് ആറുമാസം മുമ്പ് സര്‍വീസ് ബുക്ക് ചീഫ് ഒാഫീസിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സര്‍വീസില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ മുഴുവന്‍ തുകയും കൊടുക്കണമെന്നുമാണ് ചട്ടം. ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനായി മാത്രം ഹൈക്കോടതി ഉത്തരവിന്റ അടിസ്ഥാനത്തില്‍ ഏഴ് ഡിപ്പോയിലെ വരുമാനം നീക്കിവയ്ക്കുന്നുമുണ്ട്. എന്നിട്ടും ആര്‍ക്കും പണം കിട്ടാത്തത് ഉദ്യോഗസ്ഥരുടെ ഒത്തുകളി കാരണമാണെന്നാണ് മാനേജ്മെന്റിന്റ വിലയിരുത്തല്‍. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചശേഷം അഭിഭാഷകരായ ചിലരാണ് ഹൈക്കോടതിയില്‍ െപന്‍ഷന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.

 ഇവരുമായുള്ള ധാരണയനുസരിച്ച് ചില ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ പറ്റുന്നവരുടെ അനുകൂല്യങ്ങള്‍  മനപൂര്‍വം വൈകിക്കും. എന്നിട്ട് ഈ അഭിഭാഷകര്‍ വഴി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ഇതിലൂടെ വക്കീല്‍ ഫീസായി ലഭിക്കുന്ന തുകയുടെ ഒരംശം ചില ഉദ്യോഗസ്ഥരും പങ്കിടുന്നുണ്ടെന്നുമാണ് മാനേജ്മെന്റിന്റ ആരോപണം. ഇതൊഴിവാക്കാന്‍ വിരമിക്കുമ്പോള്‍ തന്നെ ഇനി മുഴുവന്‍തുകയും നല്‍കും. 1300 പേര്‍ക്ക് പുറമെ അടുത്തമാര്‍ച്ച് വരെ വിരമിക്കുന്ന എണ്ണൂറോളം പേരുടെ സര്‍വീസ് ബുക്കും ചീഫ് ഒാഫീസില്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മറ്റ് വിഭാഗങ്ങളില്‍ നിന്ന് 14 പേെര ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി നിയമിക്കാനും സി.എം.ഡി ഉത്തരവിട്ടിട്ടുണ്ട്. 

MORE IN KERALA
SHOW MORE