പത്താംക്ലാസും കമ്പ്യൂട്ടറും പഠിക്കണം; ആഗ്രഹങ്ങള്‍ പറഞ്ഞ് കാര്‍ത്ത്യാനിയമ്മ: വിഡിയോ

cm-karthiyaniamma
SHARE

സാക്ഷരതപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയാറുകാരി കാര്‍ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി പത്താം ക്ലാസ് കൂടി ജയിച്ചിട്ട് കംപ്യൂട്ടര്‍ പഠിക്കണമെന്നാണ് ആഗ്രഹം.

ഒന്നാം റാങ്കിന്റെ ആവേശത്തിലാണ് കാര്‍ത്യായനിയമ്മൂമ്മ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നെത്തിയത്. ചുറ്റും കൂടിയ മാധ്യമങ്ങളോട് ആഹ്ളാദം മറച്ചുവച്ചില്ല. പിന്നെ കുട്ടികള്‍ സ്റ്റേജിലെത്തുന്ന അതേ ആവേശത്തോടെ മുഖ്യമന്ത്രിയുടെ അടുത്തെത്തി. ഒന്നാം സമ്മാനം വാങ്ങാന്‍.

സര്‍‌ട്ടിഫിക്കറ്റ് തന്നേക്കട്ടെ എന്ന് സ്നേഹത്തോടെ മുഖ്യമന്ത്രി. തന്നാട്ടേ എന്ന് ഇമ്പമാര്‍ന്ന ഈണത്തില്‍ കാര്‍ത്ത്യാനിയമ്മയുടെ മറുപടി. മുഖ്യമന്ത്രിയും നിലവിട്ട് ചിരിച്ചുപോയ നിമിഷം. പിന്നാലെ വിജയ രഹസ്യവും വെളിപ്പെടുത്തി. പഠിത്തത്തില്‍ മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചു. സുഗതകുമാരി ടീച്ചറുടെ മുന്നില്‍ കവിത ചൊല്ലി.

ഭാവിപരിപാടികളും തീരുമാനിച്ചു കഴിഞ്ഞതായി വെളിപ്പെടുത്തല്‍. കംപ്യൂട്ടര്‍ പഠിക്കണം. പത്താംക്ലാസ് വരെ പഞിക്കണം. പരീക്ഷയെഴുതുമ്പോള്‍ മലയാള മനോരമ പത്രത്തില്‍ വന്ന ചിത്രമാണ് കാര്‍ത്യായനിയമ്മൂമ്മയെ താരമാക്കിയത്. മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ മനം കവർന്ന ആ ചിത്രത്തിലെ നായിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ ഞെട്ടിച്ചു. സംസ്ഥാനത്തെ തന്നെ ഉയർന്ന മാർക്കോടെയാണ് ഈ 96 വയസുകാരി കാർത്ത്യായനിയമ്മ നാലാംക്ലാസ് തുല്യത പരീക്ഷ പാസായത്.

സാക്ഷരതാ മിഷൻ പുറത്തിറക്കിയ പരീക്ഷാഫലത്തിൽ നൂറിൽ 98 മാർക്കോടെയാണ് ഇൗ 96കാരി പാസായിരിക്കുന്നത്. ഇത്ര ഉയർന്ന മാർക്ക് റെക്കോർഡാണെന്നും സാക്ഷരതാ മിഷൺ സാക്ഷ്യപ്പെടുത്തുന്നു. 42,933 പേരെഴുതിയ പരീക്ഷയിൽ ഏറ്റവും പ്രായമുള്ള പരീക്ഷാർഥിയായിരുന്നു കല്ല്യാണിയമ്മ. സംസ്ഥാന സാക്ഷരാതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായിരുന്നു ഇൗ പരീക്ഷ. ഇതിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 99.08 ആണ് വിജയശതമാനം. 43,330 പേർ പരീക്ഷയെഴുതിയതിൽ 42,933പേരും വിജയിച്ചു എന്നത് പദ്ധതിയുടെ മികവിലേക്കും വിരൽചൂണ്ടുന്നു. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ കാർത്ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് ലഭിച്ചത്. ഇരുവരുടെയും പരീക്ഷാ വിജയത്തോടെ സോഷ്യൽ ലോകത്തും താരമായിരിക്കുകയാണ് വീണ്ടും.

MORE IN KERALA
SHOW MORE