പുനപരിശോധനാ ഹർജിയും തള്ളി; പൊന്തൻപുഴ വനഭൂമിക്കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി

ponthanpuzha-forestland
SHARE

പൊന്തൻപുഴ വനഭൂമിക്കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. ഏഴായിരം ഏക്കർ വനഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികൾക്ക് അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ പുനപരിശോധനാ ഹർജി കോടതി തള്ളി. അടിസ്ഥാനരഹിതമെന്ന നിരീക്ഷണത്തോടെയാണ് കോടതി സർക്കാർ വാദം തള്ളിയത്.

പൊന്തൻപുഴ വനത്തിലുള്ള സ്വകാര്യവ്യക്തികളുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ട് ഈ വർഷം ജനുവരി 10ന്  ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  ഈ ഉത്തരവിനെതിരെ പുനപരിശോധന ഹർജിയുമായി കേരള സർക്കാർ വീണ്ടും അതേ കോടതിയെ സമീപിച്ചു.  അടിസ്ഥാനരഹിതമെന്ന് നിരീക്ഷണത്തോടെ കോടതി സർക്കാർ വാദം തള്ളുകയായിരുന്നു. നൂറുവർഷം മുൻപാണ് ആലപ്ര - വലിയകാവ് -കരിക്കാട്ടൂർ പ്രദേശങ്ങൾ റിസർവ് വനമായി പ്രഖ്യാപിച്ചത്. 

എന്നാൽ തിരുവിതാംകൂർ രാജാവ് നെയ്തല്ലൂർ കോവിലകത്തിന് ചെമ്പ് പട്ടയം നൽകിയ ഭൂമിയാണെന്നും റിസർവ് വനമായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് 283 പേർ കോടതിയെ സമീപിച്ചത്. സർക്കാരിന്റെയും ഹർജിക്കാരുടെയും വാദങ്ങൾ കോടതി കേട്ടതാണെന്നും വിധിയിൽ പുനപരിശോധന ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.  ഇതോടെ പൊന്തൻപുഴ വനത്തിലുള്ള സ്വകാര്യവ്യക്തികളുടെ അവകാശവാദത്തിന് കേരള ഹൈക്കോടതിയുടെ പൂർണ്ണ അനുമതി ലഭിച്ചിരിക്കുകയാണ്.  

വനപരിസരത്തെ പട്ടയമില്ലാത്ത 1200 ലധികം കുടുംബങ്ങളുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായി.  നിലവിലുള്ള സാഹചര്യത്തിൽ ഇവരുടെ ഭൂമിക്കുമേൽ സ്വകാര്യവ്യക്തികൾക്ക് അവകാശവാദം ഉന്നയിക്കാം. വനഭൂമി സർക്കാർ പുറമ്പോക്കെന്ന് റീ സർവേ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നതിന്റെ വിശദാംശകൾ അടുത്തിടെ പുറത്തു വന്നിരുന്നു. പുനപരിശോധനാ ഹർജിയും തള്ളിയതോടെ കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകും എന്ന ആശങ്കയിലാണ് നാട്ടുകാർ. 

MORE IN KERALA
SHOW MORE