കേന്ദ്ര അനുമതി ലഭിച്ചില്ല; ദേശീയപാത നാലുവരിയാക്കുന്ന പ്രവൃത്തി വൈകും

nh-meeting
SHARE

സംസ്ഥാനത്ത് ദേശീയപാത നാലുവരിയാക്കുന്ന പ്രവൃത്തി നവംബര്‍ ഒന്നിന് ആരംഭിക്കാനാവില്ലെന്ന് ഉറപ്പായി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണിത്. 30ന് തലശേരി മാഹി ബൈപാസിന്റെ ഉദ്ഘാടനത്തിന് സംസ്ഥാനത്തെത്തുന്ന മന്ത്രി നിതിന്‍ ഗഡ്കരിയോട് അനുമതി വേഗത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

നവംബര്‍ ഒന്നിന് ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്ന് മന്ത്രാലയം അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. കേരളത്തില്‍ ദേശീയപാതനിര്‍മാണത്തിന് അധികചെലവാണെന്നാണ് ഇപ്പോള്‍ പറയുന്നത്. കാസര്‍കോട് തലപ്പാടി–ചെങ്കള, ചെങ്കള–കാലിക്കടവ് പാതകള്‍ നാലുവരിയാക്കുന്നതിന് ഏറ്റെടുക്കേണ്ട ഭൂമിക്ക് വകയിരുത്തിയ തുക ഏറെ കൂടുതലാണെന്ന് ഉപരിതലഗതാഗതമന്ത്രാലയം അറിയിച്ചു. ഏപ്രിലില്‍ ലുലു കണ്‍വെന്‍ഷന്‍സെന്ററിന്റെ ഉദ്ഘാടനവേളയില്‍ ഇക്കാര്യം ഗഡ്കരി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

32 കോടിയുടെ ബജറ്റിനാണ് അനുമതി ലഭിക്കാത്തത്. തുടര്‍നടപടി ആവശ്യപ്പെട്ട് പലകുറി നിതിന്‍ ഗഡ്കരിക്കും ദേശീയ പാത അതോറിറ്റിക്കും പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ കത്തയച്ചിരുന്നു. ജനസാന്ദ്രത കൂടുതലായതിനാല്‍ ഭൂമിവില ഉയരുമെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കണമെന്നും ചൂണ്ടിക്കാട്ടി. തലശേരി–മാഹി ബൈപാസ്, നീലേശ്വരം റയില്‍വെ മേല്‍പ്പാലം, കഴക്കൂട്ടം മേല്‍പ്പാലം തുടങ്ങിയ പദ്ധതികളുമായി ഇതിനിടെ ദേശീയപാത അതോറിറ്റി മുന്നോട്ടുപോയെങ്കിലും ദേശീയപാത നാലുവരിയാക്കലിന്റെ ഫയല്‍ മാത്രം അനങ്ങിയില്ല. 

2020ല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലുവരിയില്‍ ദേശീയപാത പൂര്‍ത്തിയാക്കാമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കുമേലും ഇതോടെ കരിനിഴല്‍ വീണു. ഈ സാഹചര്യത്തില്‍ അനുമതി വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയകാരണമാണോയെന്ന് പൊതുമരാമത്ത് വകുപ്പ് സംശയിക്കുന്നു. നിലവിലെ ബന്ധത്തെക്കൂടി ബാധിക്കുമെന്നതിനാലാണ് ഇക്കാര്യത്തില്‍ പരസ്യമായ വിമര്‍ശനത്തിന് മന്ത്രി ജി.സുധാകരന്‍ തയ്യാറാകാത്തത്. 

MORE IN KERALA
SHOW MORE