മുല്ലപ്പെരിയാർ: കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് കേരളം

mullapperiyar
SHARE

മുല്ലപ്പെരിയാർ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്ന് ഉപസമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. ഇന്നലെ അണക്കെട്ടിൽ നടത്തിയ സന്ദർശനത്തിനു ശേഷം കുമളിയിൽ ചേർന്ന യോഗത്തിലാണ് കേരളം ആവശ്യമുന്നയിച്ചത്. അണക്കെട്ടിന് സമീപം മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനും തീരുമാനമായി.

കഴിഞ്ഞ ഓഗസ്റ്റിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയപ്പോൾ തന്നെ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകണമെന്ന്  തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. ഇതോടെയാണ് ഓഗസ്റ്റ് പതിനഞ്ചിന് അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നു പെരിയാറിലേക്ക് വെള്ളം ഒഴിക്കേണ്ട സാഹചര്യമുണ്ടായത്. ഇതു മുന്നിൽക്കണ്ടാണ് തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോകണമെന്ന് കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം തമിഴ്നാട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അനുവാദം നൽകണമെന്ന് തമിഴ്നാട് യോഗത്തിൽ ആവശ്യപ്പെട്ടു. സ്പിൽവേയിലെ 3 ഷട്ടറുകൾ ഉയർത്തി ഉപസമിതി സംഘം പരിശോധിച്ചു. അണക്കെട്ടിലെ ഗാലറിയിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന സീവേജ് വെള്ളത്തിന്റെ അളവ് ഒരു മിനിറ്റിൽ 91 ലിറ്ററാണ്. ഇത് ആനുപാതികമാണെന്നും യോഗം വിലയിരുത്തി. മുല്ലപ്പെരിയാറില്‍  133.75 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്. 

MORE IN KERALA
SHOW MORE