പരമ്പരാഗത നെല്‍വിത്തിനകളെ സംരക്ഷിക്കും; പദ്ധതിയുമായി ഗവേഷണകേന്ദ്രം

kasargod-paddy
SHARE

പരമ്പരാഗത നെല്‍വിത്തിനകളെ സംരക്ഷിക്കാനുള്ള പദ്ധതിയുമായി കാസര്‍കോട്, പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം. ഇതിന്റെ ഭാഗമായി നൂറ്റിപതിമൂന്ന് നെല്ലിനങ്ങള്‍ വിളയിച്ചെടുത്തു. കേരളത്തിന്റെ പാരമ്പര്യ നെല്ലിനങ്ങളാണ് പിലിക്കോട് പാടശേഖരത്തില്‍ നൂറുമേനി വിളഞ്ഞത്. 

നമ്മുടെ വയലുകളില്‍ നിന്നു മറയുന്ന പരമ്പരാഗത നെല്ലിനങ്ങളെ കാണാനും, അടുത്തറിയാനുമുള്ള അവസരമാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച നെല്ലിനങ്ങള്‍ ഇവിടെ കൃഷി ചെയ്തിരിക്കുന്നു. പൂര്‍ണമായും ജൈവ രീതിയിലായിരുന്നു കൃഷി. സംരക്ഷണത്തിനൊപ്പം ഗവേഷണത്തിലൂടെ കൂടുതല്‍ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.

രക്തശാലി, ഞവര, ചെന്നെല്ല് തുടങ്ങി ഔഷധഗുണമുള്ള ഒന്‍പതിനങ്ങളും, ഉപ്പുവെള്ളത്തെ അതിജീവിക്കുന്ന കുതിര്, ഓര്‍ക്കയമ, ഒടിയന്‍, എന്നിങ്ങനെ എട്ടിനങ്ങളും, കൃഷ്ണകൗമുദ്, ജീരകശാല, ഗന്ധകശാല തുടങ്ങി സുഗന്ധമുള്ളവയും, പോഷകഗുണമേറിയ 19 നെല്ലിനങ്ങളും ഈ പാടശേഖരത്തില്‍ കതിരഞ്ഞിരിക്കുന്നു. വയനാട്ടില്‍ നിന്നുള്ള 71നെല്ലികളുണ്ട് ഇക്കൂട്ടത്തില്‍ .

പിലിക്കോട് പഞ്ചായത്തിനെ കൃഷിവകുപ്പ് പൈതൃക നെല്‍വിത്ത് ഗ്രാമമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇനം നെല്‍വിത്തുകളും ലഭ്യമാകുന്ന പഞ്ചായത്തായി പിലിക്കോടിനെ മാറ്റുകയെന്നതും പരിപാടിയുടെ ഭാഗമാണ്. ഇനിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്ന് കൂടുതല്‍ നെല്ലിനങ്ങള്‍ കണ്ടെത്തി സംരക്ഷിക്കാനാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പദ്ധതി.

MORE IN KERALA
SHOW MORE