പെൻഷൻ വേണോ? ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കൂ.. ദാനവൻ ആംബുലൻസിലെത്തി

kochi-danavan-ambulance-1
SHARE

താൻ ജീവനോടെയുണ്ടെന്ന് തെളിയിക്കാൻ ഒരു മനുഷ്യൻ നടത്തിയ കഷ്ടപാടിന്റെ വാർത്തയാണിത്. കയ്യും കാലും പ്ലാസ്റ്ററിട്ട നിലയിൽ ആംബുലൻസിൽ കിടന്ന് എൺപതുകാരനായ ടി.ജി. ദാനവൻ ഒടുവിൽ ഹാജരായി. താൻ ജീവിച്ചിരിക്കുന്നുവെന്ന് അധികൃതരെ ബോധ്യപ്പെടുത്താൻ. പള്ളുരുത്തി സബ് ട്രഷറി ഓഫിസർ ആംബുലൻസിൽ കയറി ദാനവനെ കണ്ടു. ജീവിച്ചിരിക്കുന്നുവെന്നു ബോധ്യപ്പെട്ടതോടെ പെൻഷൻ തുടർന്നു നൽകാൻ നടപടിയെടുത്തു. റിട്ട. എസ്ഐ പള്ളുരുത്തി എസ്ഡിപിവൈ റോഡ് ധന്യയിൽ ദാനവൻ 25 വർഷമായി പള്ളുരുത്തി സബ് ട്രഷറിയിൽ നിന്നാണ് പെൻഷൻ വാങ്ങുന്നത്. 

കഴിഞ്ഞ മാസം പെൻഷൻ വാങ്ങുന്നതിനു സ്കൂട്ടറിൽ വരുന്നതിനിടെ കുഴിയിൽ വീണുണ്ടായ അപകടത്തിലാണു ദാനവന്റെ ഇടതുകാലിനും വലതുകൈയ്ക്കും ഒടിവുണ്ടായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം മകളുടെ മരടിലെ വീട്ടിൽ ചികിത്സയിൽ കഴിയുകയാണു ദാനവൻ. ആശുപത്രിയിൽ പോകാൻ പണം ആവശ്യമുള്ളതിനാൽ മരുമകൻ ടി.കെ. പ്രദീപിന്റെ കൈവശം ഒന്നാം തീയതി ചെക്കിൽ വിരലടയാളം പതിപ്പിച്ച് സബ് ട്രഷറി ഓഫിസിലേക്കു കൊടുത്തുവിട്ടു. എന്നാൽ, പണം ലഭിച്ചില്ല. 

വിരലടയാളം ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണമെന്ന നിലപാടാണ് ഓഫിസർ സ്വീകരിച്ചതെന്ന് പ്രദീപ് പറയുന്നു. വിരലടയാളം തന്റേതു തന്നെയാണെന്നു ഫോണിലൂടെ ഓഫിസറോടു പറഞ്ഞെങ്കിലും വിരലടയാളം സാക്ഷ്യപ്പെടുത്തണമെന്നും അല്ലെങ്കിൽ ജീവിച്ചിരിക്കുന്നുവെന്നു കാണിക്കാൻ നേരിട്ടു വരണമെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നു ദാനവനും പറഞ്ഞു. 

ഇന്നലെ രാവിലെ ആംബുലൻസിൽ മകൾക്കും മരുമകനുമൊപ്പം സബ് ട്രഷറി ഓഫിസിൽ എത്തിയ ദാനവൻ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായിരുന്നു. മരുമകനും പൊതുപ്രവർത്തകനായ വിപിൻ പള്ളുരുത്തിയും ഓഫിസിലെത്തി ആളെ കൊണ്ടുവന്നിട്ടുണ്ടെന്ന് ഓഫിസറെ അറിയിച്ചു. തുടർന്ന് അദ്ദേഹം ആംബുലൻസിനടുത്തേക്കു ചെല്ലുകയായിരുന്നു.

ചെക്കിൽ വിരലടയാളം ഉണ്ടായെങ്കിലും നിയമ പ്രകാരം അത് ആരെങ്കിലും സാക്ഷ്യപ്പെടുത്തിയാലെ പെൻഷൻ അനുവദിക്കാൻ കഴിയൂ എന്നതിനാലാണ് അത്തരമൊരു നിലപാടെടുത്തതെന്നു സബ് ട്രഷറി ഓഫിസർ ആർ.എൻ. വിശ്വനാഥൻ പറഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ആളുകൾ ഉദ്യോഗസ്ഥരോടു കയർത്തതു കുറേനേരം ബഹളത്തിനിടയാക്കി.

MORE IN KERALA
SHOW MORE