സംഭരണം അനിശ്ചിതത്വത്തിൽ, സൂക്ഷിക്കാനിടമില്ല; കുറഞ്ഞ വിലക്ക് നെല്ലു വിറ്റ് കർഷകർ

സംസ്ഥാനത്ത് െനല്ലുസംഭരണം അനിശ്ചിതമായി നീളുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. സ്വകാര്യമില്ലുകളുമായുളള സപ്ളൈകോയുടെ കരാര്‍ വൈകുന്നതാണ് കാരണം. സംഭരണം വൈകിയതോടെ കുറഞ്ഞവിലയ്ക്ക് നെല്ല് വിറ്റഴിക്കുകയാണ് കര്‍ഷകര്‍‌. 

പാലക്കാട് ചിറ്റൂര്‍ കരിപ്പാലിയില്‍ സുകുമാരനെപ്പോലെ ആയിരത്തിലധികം കര്‍ഷകര്‍ സര്‍ക്കാര്‍ സംവിധാനമായ സപ്ളൈക്കോയുടെ നെല്ലു സംഭരണത്തിനായി കാത്തിരിക്കുകയാണ്. പലരും നെല്ലു സൂക്ഷിക്കാനിടമില്ലാതെ കുറഞ്ഞവിലയ്ക്ക് വിറ്റഴിച്ചു. സര്‍ക്കാര്‍ സംഭരണത്തില്‍ ഒരു കിലോ നെല്ലിന് 25രൂപ 30 പൈസ കര്‍ഷകന് കിട്ടുമെങ്കില്‍ സ്വകാര്യമില്ലുകാര്‍ വെറും പത്തുരൂപയാണ് നല്‍കുന്നത്. സംഭരണം വൈകിപ്പിക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണ്. അറുപതുശതമാനം വിളവെടുപ്പ് പൂര്‍ത്തിയായിട്ടും സ്വകാര്യമില്ലുകളുമായി സപ്ളൈകോ കരാറിലേര്‍പ്പെട്ടിട്ടില്ല. 

നിബന്ധനകളില്‍ ഇളവുവരുത്താതെ സപ്ലൈകോയുമായി കരാറിൽ ഒപ്പിടില്ലെന്നാണ് മില്ലുടമകളുടെ വാദം.‌ അതേസമയം പാലക്കാട്ടെ സഹകരണസ്ഥാപനമായ പാഡിക്കോ പേരിന് വേണ്ടി മാത്രം സംഭരണം തുടങ്ങി. ഒാരോ വിളവെടുപ്പ് കഴിയുന്തോറും നെല്ല് സംഭരിക്കണമെന്ന് കര്‍ഷകര്‍ സര്‍ക്കാരിനോട് എന്നും ആവശ്യപ്പെടേണ്ടതുണ്ടോ? എന്തുകൊണ്ടാണ് നെല്ല് സംഭരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാത്തത്.