‘ടീച്ചറേ, എനിക്ക് വീടില്ല; അവന് കൊടുത്താല്‍ മതി..’; ഒരു കോടി വിലയുള്ള നന്‍മയുടെ ഒരേക്കര്‍: ആ കഥ

kozhikode-land-donation
SHARE

ക്ലാസിന്റെ മുന്‍നിരയില്‍ എന്നും മുടങ്ങാതെ അവളുണ്ടാകും. നന്നായി പഠിക്കും. അപ്പോഴും അവളുടെ മുഖത്ത് നിരാശയും ക്ഷീണവുമെല്ലാം നിഴലിച്ചിരുന്നു. പെട്ടെന്ന് അവളെ കാണാതായി. എന്തോ അസുഖമെന്ന് മാത്രമറിയാം മറ്റ് കുട്ടികള്‍ക്ക്. അന്വേഷിച്ചിറങ്ങിയ ഗുരുവിന് പട്ടിണിയുടെ നടുവില്‍പ്പെട്ടുപോയ തന്റെ പ്രിയ ശിക്ഷ്യയെയാണ് കാണാനായത്. സുരക്ഷിതവീട് കണ്ടപ്പോള്‍ നൊമ്പരമായി. ചായപ്പുരയുടെ പിന്നിലായി കെട്ടിമറിച്ച മറ്റൊരു ഓലപ്പുര. ഏത് സമയത്തും നിലംപൊത്താമെന്ന അവസ്ഥയില്‍. കാറ്റടിച്ചാല്‍ തീരുന്ന സുരക്ഷ. 

പാട്ട ശേഖരിച്ച് വിറ്റും വീട്ടുജോലി ചെയ്തും മകളെ പഠിപ്പിക്കാനും അവളുടെ ചിരി മായാതിരിക്കാനും കഷ്ടപ്പെടുന്ന അമ്മ. അമ്മയെന്ന് മകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതും മറ്റൊരു ദൈന്യമുഖം. വീട്ടിലെ ഇല്ലായ്മകളെല്ലാം അവരെക്കണ്ടാലറിയാം. മകളുടെ ടീച്ചറാണെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കൈകൂപ്പി കരഞ്ഞുകൊണ്ട് പാവം മിണ്ടാതെ നിന്നു. അന്ന് മടങ്ങുമ്പോള്‍ ആ ഗുരുനാഥ തീരുമാനിച്ചു. അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കണം. അമ്മയ്ക്കും സഹോദരിക്കുമൊപ്പം അമ്മാവന്റെ വീട്ടില്‍ കഴിയുന്ന മറ്റൊരു ശിഷ്യന്റെ അവസ്ഥയും നേരില്‍ക്കണ്ടു. ഉപേക്ഷിച്ചുപോയ അച്ഛനോട് സര്‍ട്ടിഫിക്കറ്റ് ചോദിച്ചെത്തിയ മകന് കിട്ടിയ മറുപടി അസഭ്യവര്‍ഷത്തിനൊപ്പം നല്‍കാനുള്ളതില്‍ ചിലത് കത്തിച്ചുള്ള പ്രതികാരം തീര്‍ക്കലും. പറ‍ഞ്ഞുതീര്‍ന്നതും എന്തിനാ ടീച്ചറെ ജീവിക്കുന്നേ എന്ന് പറഞ്ഞ് കണ്ണ് പൊത്തിയ ആ കുട്ടിയുടെയും മുഖം നോവിന്റെ മറ്റൊരടയാളമായി. 

പിന്നാലെയാണ് ഊര്‍ജമാകുന്ന മറ്റൊരു ശിഷ്യന്റെ വാക്കുകളെത്തുന്നത്. ടീച്ചറേ എനിക്കും വീടില്ല. സ്വന്തമായി മണ്ണില്ല. എങ്കിലും എന്നെക്കാള്‍ അര്‍ഹന്‍ അവനാണ്. ഞാന്‍ കാരണം അവന് വീടുണ്ടാക്കാന്‍ കഴിയാതിരിക്കരുത്. എന്റെ കൂട്ടുകാരന് കിടപ്പാടം വേണം. അവനെ സഹായിക്കാന്‍ മറ്റാരുമില്ല. എനിക്ക് തരാന്‍ കരുതുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ അവന് കൊടുത്താല്‍ മതി. ടീച്ചറിന് പുണ്യം കിട്ടും. മരുതോങ്കര സ്വദേശിയായ ജിഷ്ണു പവിത്രനെന്ന ശിഷ്യന്‍ നല്‍കിയ ഊര്‍ജം ജയശ്രീ സെബാസ്റ്റ്യനെന്ന അധ്യാപികയുടെ ചിന്തയ്ക്ക് നല്‍കിയ വേഗം ചെറുതായിരുന്നില്ല. 

kozhikode-land-donation-3

രണ്ടില്‍ നിന്ന് പതിനാലിലേക്ക്; പാതിയുടെ പൂര്‍ണസമ്മതം 

കുരുന്നുകളുടെ അവസ്ഥയുണ്ടാക്കിയ നൊമ്പരം ജയശ്രീ സെബാസ്റ്റ്യന്‍ വിദേശത്തുള്ള ഭര്‍ത്താവ് ഡോ.വി.കെ.മനോജിനോട് പറഞ്ഞു. പിന്തുണയ്ക്കുമെന്ന് കരുതിയെങ്കിലും ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല. എന്റെ രണ്ട് മക്കള്‍ക്ക് ഭൂമി നല്‍കണമെന്ന് പറ‍ഞ്ഞപ്പോള്‍ ദേ വന്നു മറുപടി. നമുക്കുള്ള ഒരേക്കര്‍ മറ്റ് കുറച്ചുപേര്‍ക്ക് കൂടി നമുക്ക് പകുത്തുനല്‍കാം. അവരും സുരക്ഷിതമായി ഉറങ്ങട്ടെ. അവിടെത്തുടങ്ങുന്നു ഡോക്ടറും അധ്യാപികയും ചേര്‍ന്ന് സഹായിക്കാനാരുമില്ലാത്ത കുടുംബങ്ങള്‍ക്ക് നല്‍കിയ കൈത്താങ്ങ്. 

അപ്പന് ഇഷ്ടമുള്ളത് ചെയ്യാം, എന്റെ നിറഞ്ഞ പിന്തുണ

എന്‍.ഐ.ടി.യിലെ വിദ്യാര്‍ഥിനിയായ അന്നു മന്യ മനോജിന്റെ വാക്കുകള്‍ ഡോ.മനോജിന് സമ്മാനിച്ച ആത്മവിശ്വാസം ചെറുതല്ല. നിനക്കായി കരുതിയത് ഞാന്‍ പാവപ്പെട്ടവര്‍ക്ക് വീതിച്ച് കൊടുത്തോട്ടെ എന്ന ചോദ്യത്തിന് അപ്പന് ഇഷ്ടമുള്ളത് ചെയ്യാന്‍ മകളുടെ മറുപടി. പിന്നെ ഒന്നും ആലോചിച്ചില്ല. ചെറുപ്രായത്തില്‍ തന്റെ കോടികളുടെ സമ്പാദ്യം അശരണര്‍ക്ക് വേണ്ടി വീതിച്ച് നല്‍കാന്‍ അപ്പന് പ്രേരണയായ മകള്‍. സഹായമനസ് പുതുതലമുറയ്ക്കും അന്യമല്ലെന്ന് തെളിയിക്കുന്നതിന്റെ മികച്ച ഉദാഹരണം. 

kozhikode-land-donation-2

‌വിശ്വാസം പലത്, പക്ഷേ

ഭൂമി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ പലതരത്തിലുള്ള അന്വേഷണം വന്നു. നിങ്ങള്‍ ക്രിസ്തുമത വിശ്വാസികളല്ലേ. അപ്പോള്‍ മണ്ണ് നല്‍കേണ്ടത് നിങ്ങളുടെ സമുദായത്തിലുള്ളവര്‍ക്കല്ലേ. സംശയം ചോദിച്ചവരോടെല്ലാം അതെല്ലാം വഴിയേ പറയാമെന്നായിരുന്നു ഇരുവരുടെയും മറുപടി. തീര്‍ത്തും അര്‍ഹതയുള്ളവര്‍ മണ്ണ് സ്വന്തമാക്കട്ടെ എന്നായി ചിന്ത. അതിന്റെ ഭാഗമായാണ് പഞ്ചായത്തംഗം ജയേഷിന്റെ സഹായത്തോടെ ചക്കിട്ടപ്പാറ, മരുതോങ്കര പഞ്ചായത്തുകളിലെ പതിനാല് കുടുംബങ്ങളെ കണ്ടെത്തിയത്. ഒരുകാരണത്താലും ഏതെങ്കിലും ഒരു മതവിഭാഗത്തിന് മാത്രമായി ഭൂമി കിട്ടാന്‍ പാടില്ലെന്ന തീരുമാനം നേരത്തെെയടുത്തു. ഒടുവില്‍ മണ്ണ് പകുത്ത് നല്‍കുമ്പോള്‍ പതിനാലുപേരില്‍ പത്ത് ഹിന്ദുമത വിശ്വാസികളും രണ്ട് വീതം ക്രൈസ്തവരും മുസ്്ലിം വിഭാഗവും. ഇതിനപ്പുറം മറ്റൊരു മതമൈത്രിയുടെ ആഴം പാലിക്കേണ്ടതില്ലല്ലോ. വിശ്വാസം പലതായിരിക്കും, എങ്കിലും അവരുടെ മണ്ണിന് മാനവികതയുടെ ഐക്യമുണ്ടായിരിക്കും. 

സ്വപ്നഭൂമിയായിരുന്നു, ആഗ്രഹം പൂവണിയുമെന്ന് വിശ്വാസം 

പ്രായമാകുമ്പോള്‍ ഈ പുഴയുടെ കരയിലൊരു വീടുണ്ടാക്കണം. വിശ്രമജീവിതം അവിടെയാകണം. പണ്ട് ഒരുപാടുകാലം അപ്പനൊപ്പം ചൂണ്ടയിടാനെത്തിയിരുന്ന പുഴയോട് ചേര്‍ന്നുള്ള ഭൂമി മനോജ് ഡോക്ടര്‍ക്ക് വലിയ സ്വപ്നമായിരുന്നു. അങ്ങനെയാണ് ചെമ്പനോടയിലെ കടന്തറ പുഴയോരത്ത് 11 വര്‍ഷം മുന്‍പ് ഇരുപത് ലക്ഷത്തിന് ഒരേക്കര്‍ ഭൂമി വാങ്ങിയത്. ആദ്യം ആരോരുമില്ലാത്ത കുരുന്നുകള്‍ക്കായി സുരക്ഷിത ഇടം നിര്‍മിക്കാന്‍ തീരുമാനിച്ചു. നിയമത്തിന്റെ നൂലാമാലകള്‍ ആലോചിച്ചപ്പോള്‍ ആഗ്രഹം ഉപേക്ഷിച്ചു. വയോജനങ്ങള്‍ക്കുള്ള താമസസൗകര്യമെന്ന സ്വപ്നവും നടത്തിപ്പിലെ പ്രയാസം കണക്കിലെടുത്താണ് വേണ്ടെന്ന് വച്ചത്. ഒടുവില്‍ മണ്ണ് പതിനാലുപേര്‍ക്കെന്ന രീതിയിലേക്ക് അളക്കുമ്പോള്‍ വിചാരിച്ചതിനെക്കാള്‍ ഇരട്ടിയിലധികം സംതൃപ്തിയാണ് ഈ കുടുംബത്തിന്. ഡോക്ടറുടെയും ടീച്ചറിന്റെയും മണ്ണ് ദാനം നല്‍കാനുള്ള തീരുമാനം ഭ്രാന്തെന്ന് കളിയാക്കിയവരും ഒടുവില്‍ പിന്തുണയുമായെത്തി.   

ഇനിയും പൂര്‍ത്തിയാക്കാന്‍ ചിലതുണ്ട്

മണ്ണ് നല്‍കിയെങ്കിലും തീര്‍ന്നില്ല ഇവരുടെ ദൗത്യം. പലര്‍ക്കും സ്വന്തമായി ഒരു കല്ലുപോലും അടയാളമാക്കാന്‍ കഴിവുള്ളവരല്ല പല കുടുംബങ്ങളും. ഇതിന് പരിഹാരമായി വീട് നിര്‍മിച്ച് നല്‍കാന്‍ പലരുടെയും സഹായം തേടുകയാണ് ഡോ.വി.കെ.മനോജും ഭാര്യ ജയശ്രീ സെബാസ്റ്റ്യനും. വിദേശത്തുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. നാട്ടിലുള്ള സുമനസുകളും സഹായസന്നദ്ധത അറിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തും സാംസ്ക്കാരിക കൂട്ടായ്മകളുമെല്ലാം കൂരയൊരുക്കാന്‍ കൂടെയുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. നന്‍മയും സ്നേഹവും ഇവര്‍ക്ക് പിന്നാലെ കൂടുതലാളുകളിലേക്കെത്തണം. മല‌യാളിയുടെ നന്‍മയുടെ ആഴം ഇവിടെയും തെളിയും. മാതൃക ഇനിയും പലര്‍ക്കും ഊര്‍ജമാകണം.

MORE IN KERALA
SHOW MORE