ഭക്ഷണം കഴിക്കാം, സംസാരിക്കാം; അഭിലാഷിന്റെ പരുക്ക് ഗുരുതരമല്ല ; ആശ്വാസം

abhilash-sea
SHARE

ലോക പായ്‍വഞ്ചി പ്രയാണത്തിനിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ അപകടസ്ഥലത്തിന് ഏറ്റവും അടുത്ത ദ്വീപായ ന്യൂ ആംസ്റ്റര്‍ഡാമിലെ ആശുപത്രിയില്‍ എത്തിച്ചു. എക്സ് റേ പരിശോധനയില്‍ പരുക്ക്  ഗുരുതരമല്ലെന്ന് കണ്ടെത്തി. 

അപകടമുണ്ടായി നാലാം ദിവസമാണ് അഭിലാഷ് ടോമി കരയിലെത്തുന്നത്.   രക്ഷാപ്രവര്‍ത്തനം നടത്തിയ ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരീസ് ഒന്‍പതരയോടെ ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിന്‍റെ പുറംകടലിലെത്തി. ചെറുബോട്ട് അടുപ്പിക്കാനുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം അഭിലാഷ് ടോമിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.   

ഇവിടെയുള്ള പരിമിത സൗകകര്യങ്ങളില്‍ അഭിലാഷ് ടോമിക്ക് വേണ്ട പ്രാഥമിക ചികില്‍സകള്‍ ലഭ്യമാക്കി.  എക്സ് റേ എടുത്തതില്‍ നടുവിനേറ്റ പരുക്ക് ഗുരുതരമല്ലെന്നാണ് നിഗമനം. ദ്വീപിലുളള ഫ്രഞ്ച്  ഡോക്ടറുടെ നേതൃത്വത്തിലാണ് നിലവില്‍ ചികില്‍സ.  

അഭിലാഷ് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് നാവികസേന അറിയിച്ചു.   വ്യാഴാഴ്ച ഒാസ്ട്രേലിയന്‍ നാവികസേനാ കപ്പലും ശനിയാഴ്ച ഇന്ത്യന്‍  നാവികസേനയുടെ കപ്പലും ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചേരും. അതിനുശേഷം വിദഗ്ധ ചികില്‍സയ്ക്കായി അഭിലാഷിനെ ഒാസ്ട്രേലിയയിലേക്കോ മൊറീഷ്യസിലേക്കോ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 

MORE IN KERALA
SHOW MORE