ശിഷ്യരുടെ വീടുകണ്ട് ആശങ്ക; ഒരുകോടി രൂപയുടെ ഭൂമി വിട്ടുനൽകി അധ്യാപിക

teacher-jayasree-help
SHARE

പ്രിയ ശിഷ്യരുടെ കിടപ്പാടത്തിന്റെ സുരക്ഷയില്ലായ്മ കണ്ട ആശങ്കയില്‍ സ്വന്തം മണ്ണ് വീതിച്ച് നല്‍കാന്‍ തയാറായ അധ്യാപിക. അങ്ങനെയെങ്കില്‍ ഒരേക്കര്‍ ഭൂമി നിര്‍ധനരായ പതിനാല് കുടുംബങ്ങള്‍ക്ക് നല്‍കാമെന്നറിയിച്ച് ഭാര്യയ്ക്ക് പിന്തുണയുമായി ഡോക്ടര്‍. കോഴിക്കോട് ചെമ്പനോടയിലാണ് ഡോ.വി.കെ.മനോജും ഭാര്യ ജയശ്രീ സെബാസ്റ്റ്യനും ഒരു കോടിയിലധികം രൂപ വിലവരുന്ന ഭൂമി മണ്ണില്ലാത്തവര്‍ക്ക് പകുത്ത് നല്‍കിയത്.   

മുന്‍നിരയിലിരുന്ന് പഠിച്ചിരുന്ന പെണ്‍കുട്ടി ക്ലാസില്‍ വരാതായി. രോഗബാധയെന്നറിഞ്ഞ് വീട്ടില്‍ തിരക്കിയെത്തിയപ്പോള്‍ കണ്ട കാഴ്ച അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു.കണ്ണുനനയാനിടയായ അനുഭവത്തിന് പിന്നാലെയാണ് പതിനാല് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ഇരുവരും തീരുമാനിച്ചത്. മകള്‍ക്കായി വാങ്ങിയ മണ്ണ് കൈമാറുന്നതിന് മൂന്ന് മക്കളുടേതുള്‍പ്പെടെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. 

ദുബായിലെ അസ്ഥിരോഗ വിദഗ്ധനായ ഡോ.വി.കെ.മനോജും കല്ലാനോട് സെന്റ് മേരീസ് ഹയര്‍ െസക്കന്‍ഡറിയിലെ അധ്യാപിക ജയശ്രീ സെബാസ്റ്റ്യനും ചെമ്പനോടയില്‍ കടന്തറ പുഴയോരത്ത് 11 വര്‍ഷം മുന്‍പാണ് ഇരുപത് ലക്ഷത്തിന് ഒരേക്കര്‍ ഭൂമി വാങ്ങിയത്. വൃദ്ധസദനം ആരംഭിക്കാന്‍ ആലോചിച്ചെങ്കിലും നടത്തിപ്പിന്റെ പ്രതിസന്ധിയോര്‍ത്ത് തീരുമാനം മാറ്റി. ഒരുവര്‍ഷത്തെ പരിശോധനക്കൊടുവില്‍ ചക്കിട്ടപ്പാറ, മരുതോങ്കര പഞ്ചായത്തുകളിലെ അര്‍ഹരായ പതിനാല് കുടുംബങ്ങളെ കണ്ടെത്തി. കുടുംബങ്ങള്‍ക്ക് മണ്ണ് നല്‍കിയെങ്കിലും ഇവരില്‍ പലര്‍ക്കും സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിവുള്ളവരല്ല. ഇവര്‍ക്ക് വീടൊരുക്കുകയെന്നതാണ് ദമ്പതികളുടെയും സുഹൃത്തുക്കളുടെയും അടുത്ത ലക്ഷ്യം. 

MORE IN KERALA
SHOW MORE