പുതിയ കെ.പി.സി.സി ഭാരവാഹികൾ രണ്ടാഴ്ചയ്ക്കകം; അംഗങ്ങളുടെ എണ്ണം കുറയും

kpcc
SHARE

പുതിയ കെ.പി.സി.സി ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതിയോഗം അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. പത്തുവര്‍ഷമായവരെ ഒഴിവാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശമെങ്കിലും ആറുപേര്‍ മാത്രമേ ഈ മാനദണ്ഡത്തിന്റെ പരിധിയില്‍ വരൂ.

കെ.പി.സി.സിക്കിനി വൈസ് പ്രസിഡന്റുമാരുണ്ടാകില്ലെന്ന് ഉറപ്പായതോടെ നിലവിലുള്ള നാല് വൈസ് പ്രസി‍ഡന്റുമാരെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് ആദ്യ കടമ്പ. വി.ഡി സതീശന് വരാനിരിക്കുന്ന ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റ സ്ക്രീനിങ് കമ്മിറ്റിയുടെ ചുമതലയുണ്ട്. ശേഷിക്കുന്ന ലാലി വിന്‍സെന്റും എ.കെ മണിയും ഭാരതിപുരം ശശിയും പത്തുവര്‍ഷം തികച്ചവരല്ല. 19 ജനറല്‍ സെക്രട്ടറിമാരും ആറുവര്‍ഷം കഴിഞ്ഞതേയുള്ളു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചിട്ടുള്ള പട്ടികയില്‍ പതിനൊന്ന് പേര്‍ ഐ വിഭാഗവും, ഏഴുപേര്‍ എ വിഭാഗക്കാരുമാണ്. 

36 സെക്രട്ടറിമാരിലും പത്തുവര്‍ഷം കഴിഞ്ഞത്  ആറ്  പേരേയുള്ളു. പി.ടി അജയമോഹന്‍, കെ.പി അബ്ദുള്‍ മജീദ്,ജെയിസണ്‍ ജോസഫ്,മാന്നാല്‍ അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ.കെ വിജയലക്ഷ്മി. അതുകൊണ്ടുതന്നെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളെ ഒഴിവാക്കുന്നതിനും പുതിയ നേതൃത്വത്തിന്  കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരണം.  പുതിയ ഡി.സി.സി പ്രസി‍ഡന്റുമാര്‍ വന്നപ്പോള്‍ സ്ഥാനം ഒഴിഞ്ഞവര്‍ക്ക്  കെ.പി.സി.സി സെക്രട്ടറി സ്ഥാനം നല്‍കണം. യുവജന, വനിത,ദളിത് പ്രാതിനിധ്യം ഉറപ്പാക്കണം. ഗ്രൂപ്പടിസ്ഥാനത്തില്‍ ഒരാളെയും നിയമിക്കരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുളേ്വ സാഹചര്യത്തില്‍ ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ കാര്യങ്ങള്‍ എളുപ്പമാകില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികള്‍ക്ക് ചുമതല നല്‍കണം. അതുകൊണ്ടുതന്നെ എത്രയും വേഗം പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിന് അയയ്ക്കാനാണ്  നേതൃത്വത്തിന്റ തീരുമാനം.

MORE IN KERALA
SHOW MORE