ചരിത്രത്തിലേക്ക് പന്തലുയര്‍ത്തി ഈ അഞ്ചുപേര്‍; ആത്മധൈര്യത്തിന്‍റെ ജയഭേരി: അറിയാം ഇവരെ

nuns-protest
SHARE

കൊച്ചിയിലെ തെരുവോരത്ത് ചെറിയൊരു പന്തലുയരുമ്പോള്‍ ഇത്രമേല്‍ വലിയ ചരിത്രത്തിലേക്കാണ് ഈ സമരയാത്രയെന്ന് അവര്‍ ഓര്‍ത്തിരുന്നില്ല. കാലങ്ങളായി കണ്ടും കേട്ടുമറിഞ്ഞ പീഡനത്തിന്‍റെ മഹായാതനകളോട് സധൈര്യം പൊരുതുക മാത്രമായിരുന്നു ലക്ഷ്യം. സഭാചരിത്രത്തിലെ തന്നെ ധീരമായ ചുവടുവയ്പായി ഇന്നത് എണ്ണപ്പെടുമ്പോള്‍ അഞ്ച് കന്യാസ്ത്രീകള്‍ക്ക് ഇത് അഭിമാനനിമിഷമാകുന്നു. ചുറ്റുപാടുനിന്ന് ഒരുപാട് പിന്തുണകള്‍ ഉയര്‍ന്നുവന്നു. ഒപ്പം ഒട്ടനവധി ആക്ഷേപങ്ങളും. സ്വന്തക്കാരും രാഷ്ട്രീയക്കാരുമടക്കം പവ‌ലരും വിമര്‍ശനശരമെയ്തു. 

നാടകീയതകൾക്കൊടുവിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായപ്പോൾ ഇവരുടെ പേരും ചരിത്രത്തിലേക്ക് എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. സിസ്റ്റർ ആൽഫി, അനുപമ, ജോസഫൈൻ, നിന റോസ്, ആൻസറ്റ്. ഈ അഞ്ചുകന്യാസ്ത്രീകളാണ് സഭാവസ്ത്രമണിഞ്ഞ് നീതിക്കായി തെരുവിലിറങ്ങിയത്. സഹപ്രവർത്തകയ്ക്ക്, സഹോദരിക്ക് നീതിതേടി അനിശ്ചിതകാലസമരം നടത്തി ഇവർ വിജയിക്കുകയായിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീക്ക് നീതി നല്‍കുക എന്നതായിരുന്നു അവരുടെ ആവശ്യം. 

എന്നാൽ അത് അത്ര നിസാരമായിരുന്നില്ല എന്നത് കേരളം കണ്ടതാണ്. ജലന്തർ സഭയുടെ തലവനായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അത്രമാത്രം ശക്തനായിരുന്നു. ഇന്നലെ ഏറെ വൈകി ബിഷപ്പിന്റെ അറസ്റ്റ് വാർത്ത പുറത്തുവന്നപ്പോൾ ലോകം അത് ആഘോഷമാക്കി. പക്ഷേ അതിന് ചുക്കാൻ പിടിച്ച ഈ കന്യാസ്ത്രീകൾ അപ്പോഴും ശാന്തരായിരുന്നു. കാരണം നീതി പൂർണമായും ലഭിക്കണമെങ്കിൽ ഇനിയും ഒരുപാട് കടമ്പകൾ കടക്കണം. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധിപേരാണ് രംഗത്തെത്തിയത്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് 14 ദിവസം നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകനാണ് സ്റ്റീഫൻ മാത്യു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് വിട്ടതിന് ശേഷം സ്റ്റീഫൻ പറഞ്ഞത് ഇനി സുരക്ഷ ആവശ്യം ഈ കന്യാസ്ത്രീകൾക്കാണെന്നാണ്. കാരണം അവർ ഇപ്പോൾ സഭയ്ക്കെതിരാണ്. അവർ നിൽക്കുന്ന മണ്ണും താമസിക്കുന്ന മഠവുമൊക്കെ ബിഷപ്പിന്റെ അധീനതയിലുള്ളതാണ്. അതിനാൽ തന്നെ ഇനിയുള്ള അവരുടെ ജീവിതം ദുർഘടമായിരിക്കും. ബിഷപ്പിനെ ശിക്ഷിക്കുന്നതുവരെ അതിനാൽ തന്നെ നാം അവർക്കൊപ്പം നിൽക്കണം. സ്റ്റീഫൻ പറഞ്ഞു.

കൂടുതല്‍ പരാതികള്‍ വരുമെന്ന് കന്യാസ്ത്രീകള്‍; ഐതിഹാസിക സമരത്തിന് പരിസമാപ്തി

ഒന്ന്: സിസ്റ്റർ അനുപമ
ബിഷപ്പിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത അറിയുന്നതിന് മുമ്പ് തന്നെ ഇവർ സമരപ്പന്തൽ വിട്ടിരുന്നു. കോൺവന്റിലേക്ക് പോകുന്നതിന് മുന്‍പ് ജനക്കൂട്ടത്തോടായി സിസ്റ്റർ അനുപമ പറഞ്ഞത് ഇതാണ്, 'ഒരു വ്യക്തി എന്ന നിലയിൽ അല്ല ഞങ്ങൾ ബിഷപ്പിനെതിരെ യുദ്ധം ചെയ്യുന്നത്, അദ്ദേഹത്തിന്റെ പ്രവർത്തികൾക്കെതിരെയും സഭയുടെ മൗനത്തിനെതിരെയുമാണ്'. ഇരയായ കന്യാസ്ത്രീയുടെ ദീർഘകാല സുഹൃത്താണ് സിസ്റ്റർ അനുപമ. കേസിന് ആസ്പദമായ രണ്ട് തെളിവുകൾ സിസ്റ്റർ അനുപമയിലൂടെയാണ് പുറത്തു വന്നത്. സിസ്റ്റർ അനുപമയുടെ പിതാവ് വർഗീസാണ് അവർ ബിഷപ്പിന്‍റെ പീഡനങ്ങൾ ആരോപിച്ച് എഴുതിയ നിർണായക കത്ത് പുറത്തു വിട്ടത്. മാത്രമല്ല പരാതിക്കാരിയായ കന്യാസ്ത്രീക്ക് നൽകുന്ന പിന്തുണയിൽ നിന്ന് പിന്മാറണം എന്ന് കത്തോലിക്ക സഭയിലെ വൈദികൻ ഇവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ടേപ്പും വർഗിസ് പുറത്തു വിട്ടിരുന്നു. പക്ഷേ ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് സിസ്റ്റർ അനുപമയും മറ്റ് കന്യാസ്ത്രീകളും 14 ദിവസം സുഹൃത്തിന്റെ നീതിക്കായി സമരം ചെയ്തു.

രണ്ട്: സിസ്റ്റർ ആൽഫി
സമരത്തിന്റെ 14 ദിവസങ്ങളിലും സിസ്റ്റർ ആൽഫി അധികം സംസാരിച്ചിരുന്നില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും കുറഞ്ഞ വാക്കുകളിൽ മാത്രം മറുപടി. ഞങ്ങൾക്ക് നീതി ലഭിക്കണം എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ പോസ്റ്റർ സദാസമയവും കയ്യിലേന്തി ഒരു നിശബ്ദ സമരമായിരുന്നു സിസ്റ്റർ ആൽഫിയുടേത്. ബിഹാറിൽ അധ്യാപികയാണ് സിസ്റ്റർ ആൽഫി. പീഡനം ആരോപിച്ച് കന്യാസ്ത്രീ പരാതി നൽകിയ വാർത്ത അറിഞ്ഞപ്പോൾ കേരളത്തിൽ എത്തുകയായിരുന്നു‍, സുഹൃത്തിന്റെ നീതിക്കായി പോരാടാൻ. 

മൂന്ന്: സിസ്റ്റർ നിന റോസ്
2015 മുതൽ ഇരായായ കന്യാസ്ത്രീക്കൊപ്പം ഒരേ കോൺവന്റിൽ കഴിയുകയാണ് സിസ്റ്റർ നിന റോസ്. സുഹൃത്തിന്റെ പരാതി പൊതു സമൂഹത്തിൽ വാർത്തയായ അന്നു മുതൽ സിസ്റ്റർ നിനയും നീതിതേടി രംഗത്തുണ്ട്

നാല്: സിസ്റ്റർ ആൻസറ്റ്
മൂന്നു വർഷമായി ഇരയായ കന്യാസ്ത്രീക്കൊപ്പം ഒരേ മഠത്തിൽ കഴിയുന്നു. അവർ നേരിട്ട ദുരനുഭവങ്ങൾ എല്ലാം സിസ്റ്റർ ആൻസറ്റിന് വ്യക്തമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുഹൃത്തിനൊപ്പം താങ്ങായി നിലനിൽക്കുകയായരുന്നു സിസ്റ്റർ ആൻസറ്റും.

അഞ്ച്: സിസ്റ്റർ ജോസഫൈൻ
സിസ്റ്റർ ജോസഫൈനും 14 ദിവസവും സമരരംഗത്ത് സജീവമായിരുന്നു. ഇനി തങ്ങൾ നേരിടാൻ പോകുന്നത് കഠിനതകളായിരിക്കുമെന്ന് സിസ്റ്റർ ജോസഫൈന് അറിയാം. സഭ ഞങ്ങളെ ഒറ്റപ്പെടുത്തുകയാണെങ്കിൽ നിയമപരമായി തന്നെ നേരിടും. രാജ്യത്തെ നിയമം സഹായത്തിനായി ഉണ്ടാകുമെന്ന് ധൈര്യത്തോടെ പറഞ്ഞത് സിസ്റ്റർ ജോസഫൈനാണ്. 

ഈ അഞ്ച് കന്യാസ്ത്രീകളും വിശ്വസിക്കുന്നത് ദൈവമാണ് സഭയുടെ പ്രവര്‍ത്തനങ്ങൾക്കെതിരെ പോരാടാൻ അവർക്ക് കരുത്ത് നൽകിയത് എന്നാണ്. അവരുടെ ദൃഢമായ ആത്മവിശ്വാസവും ധൈര്യവും തന്നെയാണ് കേസിനെ ഈ നിലയ്ക്ക് എത്തിച്ചത്. ആദ്യഘട്ടം അവർ വിജയിച്ചു എന്ന് പറയാം. പക്ഷേ യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂവെന്ന് അവര്ഡ തിരിച്ചറിയുന്നു. ബിഷപ്പിന് തക്കതായ ശിക്ഷ ലഭിക്കുന്നതുവരെ പോരാടുമെന്നാണ് അവരുടെ ഉറപ്പ്.

സെമിത്തേരിയിൽ ഇടം കിട്ടില്ലെന്നറിഞ്ഞും പോരാടിയവൾ; സിസ്റ്റർ അനുപമയ്ക്ക് കയ്യടി

MORE IN KERALA
SHOW MORE