കൊളുക്കുമലയുടെ നെറുകയിൽ നീലക്കുറിഞ്ഞി വസന്തം; മനം കുളിർക്കും

പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ നിന്ന് നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കണമെങ്കില്‍ കൊളുക്കുമലയില്‍ എത്തണം. സമുദ്ര നിരപ്പില്‍ എണ്ണായിരം അടി ഉയരത്തിലുള്ള കൊളുക്കുമലയുടെ നെറുകയിലാണ് നീല  വസന്തം  വിരുന്നെത്തിയത്. ഇടുക്കി ജില്ലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂത്തിട്ടുള്ളത്  കൊളുക്കുമലയിലാണ്.

കുറിഞ്ഞികാഴ്ച അതിമനോഹരം ഇപ്പോൾ കൊളുക്കുമലയിലാണ്. പ്രളയക്കെടുതിയില്‍ വിനോദ സഞ്ചാര മേഖല പാടേ തകര്‍ന്നപ്പോള്‍ ഇടുക്കിക്ക് കരകയറുന്നതിനുള്ള വസസന്തകാലം കൂടിയായി  ഇത്തവണ വിരുന്നെത്തിയിരിക്കുന്ന കുറിഞ്ഞി വസന്തം.

ഈ കാഴ്ച കാണാൻ  കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ കൊളുക്കുമലയിലെത്തണം.  ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യ നെല്ലിയില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊളുക്കുമലയില്‍ എത്തിച്ചേരാം. പച്ചവരിച്ച മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊളുക്കുമല ഇപ്പോള്‍  നീല  വസന്തത്തിന്റെ പുതപ്പു പുതച്ചിരിക്കുകയാണ്. മലതാണ്ടി  നിരവധി സഞ്ചാരികളും ഇവിടെയ്ക്ക്  എത്തുന്നുണ്ട് 

ഈ മലനിരകളിലെ വിസ്മയ കാഴ്ചകൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കും എന്ന  പ്രതീക്ഷയിലാണ് നാട്ടുകാരും. മഞ്ഞ്  മലനിരകളും തമിഴ്‌നാടിന്റെ വിദൂര ദൃശ്യവും കൊളുക്കുമലയില്‍ നിന്നുള്ള മനോഹര കാഴ്ചയാണ്.