അംഗചലനം മുതല്‍ വാക്കു വരെ; നാലുപാടും കണ്ണുതുറന്നു ക്യാമറ: ഹൈടെക് ചോദ്യംചെയ്യല്‍: ഗ്രാഫിക്സ്

interogation
SHARE

ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് കേരളത്തിലെ ഏറ്റവും ആധുനികമായ ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളിലൊന്നില്‍. ഇവിടെ മണിക്കൂറുകള്‍ നീളുന്ന വിശദമായ ചോദ്യം ചെയ്യലിന് ആദ്യമായി വിധേയനാവുന്ന  ആദ്യ വ്യക്തിയാണ് ബിഷപ്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും സമാനമായ മുറികള്‍ സജ്ജമാണ്. 

ഇടിമുറികളെന്ന നാണക്കേടില്‍ നിന്ന് ഒഴിവാകുക മാത്രമല്ല, ചോദ്യം ചെയ്യലിന് നിരവധി ആധുനിക സൗകര്യങ്ങളുമായി ഉദ്യോഗസ്ഥരെ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രതികളുെട മനോനില വരെ മനസിലാക്കി അവരെ കുടുക്കാനുമുള്ള സംവിധാനങ്ങളാണ് ഇത്തരം ഇന്റൊറഗേഷന്‍ മുറികളിലുള്ളത്.  പുറത്തുനിന്നുള്ള ശബ്ദമോ വെളിച്ചമോ ഉള്ളിലേക്ക് കടക്കാത്ത ഗ്ലാസ്സ് ചേംബറിന്റെ ഉള്ളിൽ ഇരുത്തുന്ന പ്രതിക്ക് പുറത്തേക്ക് കാണാനാവില്ല . എന്നാൽ സമീപത്തെ മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ഓരോ ചലനവും നിരീക്ഷിക്കാനാവും. 

ഉള്ളിൽ കടക്കുന്ന പ്രതിയുടെ ഓരോ വാക്കും വരിയും റെക്കോർഡ് ചെയ്യപ്പെടും. ഇതിനായി നാലു ഭാഗത്തും കണ്ണു തുറന്നിരിക്കുന്ന ക്യാമറകളുണ്ട്. സംസ്ഥാനത്തെ ഏത് പ്രധാന പോലീസ് ഓഫീസുമായും വിഡിയോ കോണ്‍ഫറൻസിങ് വഴി ബന്ധപ്പെടാനും സൗകര്യമുണ്ട്. ചോദ്യം ചെയ്യലിന്റെ വിഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യാം.  ലോകത്ത് എവിടെനിന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ആവാം. ചോദ്യം ചെയ്യുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.  

പോലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടത് പ്രകാരം രാവിലെ 11 മണിക്കാണ് ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായത്. കാമറകളും റെക്കോര്‍ഡിങ് സംവിധാനവും മേലുദ്യോഗസ്ഥര്‍ക്ക് നടപടികള്‍ നിരീക്ഷിക്കാനും സംവിധാനമുള്ള ഹൈടെക് മുറിയിലാണ് ചോദ്യംചെയ്യല്‍.

കോട്ടയം ജില്ലയിലെ ചോദ്യം ചെയ്യൽ കേന്ദ്രങ്ങളെക്കാൾ ആധുനിക സൗകര്യങ്ങളുള്ളതാണ് കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള തൃപ്പൂണിത്തുറയിലെ കേന്ദ്രം. അംഗചലനങ്ങൾ മുതല്‍ ഉരിയാടുന്ന വാക്കും വാചകവും വരെ ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യപ്പെടും. പ്രത്യേക ഇരിപ്പിടത്തിൽ ഇരിക്കുന്ന പ്രതിക്ക് പരിമിതമായ ചലനങ്ങളേ പാടുള്ളൂ. അങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ഈ ഹൈടെക്ക് ചോദ്യം ചെയ്യൽ മുറി. 

ചുറ്റുമതിൽ ഉള്ളതിനാൽ സുരക്ഷ ഒരുക്കാനും ബുദ്ധിമുട്ടില്ല. കൂടാതെ കോട്ടയം ജില്ലയ്ക്ക് പുറത്തായതിനാൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിക്കും ഡിവൈഎസ്പിക്കും സുരക്ഷാപ്രശ്നങ്ങളുടെ ആശങ്കയില്ലാതെ ചോദ്യം ചെയ്യലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഇങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് നടപടി തൃപ്പുണിത്തൂറയിലേക്ക് മാറ്റാൻ ഇന്നലെ രാത്രി വൈകി തീരുമാനിച്ചത്. രാവിലെ എട്ട് മുതൽ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. 

11 മണിക്ക് ബിഷപ്പ് എത്തിയതിന് തൊട്ട് പിന്നാലെ തന്നെ നടപടിക്രമങ്ങൾ തുടങ്ങി. നേരത്തെ ജലന്തറിലെത്തി അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലെ മൊഴിയിലെ പൊരുത്തക്കേടുകൾ, പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മറ്റ് എൺപതോളം സാക്ഷികളുടെ മൊഴിയുമായി ചേരാത്തത്, ഇവയൊക്കെയാണ് പ്രതി വിശദീകരിക്കേണ്ടത്. തൃപ്തികരമായ മറുപടികൾ ഉണ്ടാകാത്തപക്ഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാം. മുൻകൂർ ജാമ്യഹർജി പരിഗണനയിൽ ഇരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്ന് പൊലീസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

നോട്ടീസ് നൽകിയ ശേഷമുള്ള ഒന്നരയാഴ്ചയ്ക്കിടെ  നൽകാത്ത ജാമ്യാപേക്ഷയുമായി ചോദ്യം ചെയ്യലിന് തൊട്ടുമുമ്പുള്ള ദിവസം ഹൈകോടതിയില്‍ എത്തിയത് ദുരുദ്ദേശപരമാണെന്ന് പൊലീസ് പറയുന്നു. എന്നിട്ടും അന്വേഷണ നടപടികളിൽ ഇടപെടാൻ ഹൈക്കോടതി തയാറാകാതിരുന്നതിനാൽ പൂർണസ്വാതന്ത്ര്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

MORE IN KERALA
SHOW MORE