വയനാട്ടിലെ പുഴക്കരയിലെ മുളങ്കൂട്ടം ഇപ്പോൾ പുഴയുടെ നടുവിൽ; ആശങ്ക

wayandu-flood
SHARE

പ്രളയദുരന്തത്തിനു ശേഷം അസാധാരണമായ പ്രതിഭാസങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്. ഭൂമി വിണ്ടുകീറുന്നതും മണ്ണീരകൾ പോലുളള ജീവികൾ കൂട്ടത്തോടെ മണ്ണീൽ നിന്നു പുറത്തു വരുന്നതും വരൾച്ചയുടെ സൂചനയാണെന്ന് ശാസ്ത്രഞ്ജൻമാർ അഭിപ്രായപ്പെട്ടിരുന്നു. പെരിയാറ്റിലെ കക്കപ്രളയവും പുഴയിൽ മുതലമീനുകൾ വന്നടിയുന്നതുമെല്ലാം അസാധാരണമായ പ്രതിഭാസങ്ങളായിരുന്നു.

പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞു കൂടി തുരുത്ത് രൂപപ്പെട്ടതും ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ഭാരതപ്പുഴയിൽ നിന്ന് ഒഴുകിയെത്തിയ മണൽ കടലിനു കുറുകെ അടിഞ്ഞുകൂടുകയായിരുന്നു. പുലിമുട്ട് ഭാഗത്തുനിന്ന് കടലിലേക്ക് അര കിലോമീറ്ററോളം നീളത്തിൽ നടന്നുപോകാവുന്ന തരത്തിലാണ് തുരുത്ത് രൂപപ്പെട്ടിരുന്നത്. 

പ്രളയത്തോടനുബന്ധിച്ചുണ്ടായ ഭൂമി വിള്ളൽ പ്രതിഭാസം വയനാട്ടിലെ കൂടുതൽ മേഖലയിലേക്കു വ്യാപിക്കുകയായിരുന്നു. പ്രളയശേഷം ക്രമാതീതമായി വെള്ളം താഴ്ന്ന പനമരം പുഴയോരത്ത് ഒട്ടേറെ കർഷകരുടെ ഭൂമിയിൽ ഇന്നലെ വിള്ളൽ കണ്ടെത്തി. വെള്ളമിറങ്ങിയപ്പോഴാണു വിള്ളൽ വീണ് ഭൂമി അകന്നുപോയത് കർഷകരുടെ ശ്രദ്ധയിൽപ്പെട്ടത്.

പനമരം പഞ്ചായത്തിലെ ബസ്തിപൊയിൽ പ്രദേശത്ത് ഒട്ടേറെ കർഷകരുടെ ഭൂമിയിൽ വിള്ളലുണ്ടായി. പുഴയോരത്തുനിന്ന മുളങ്കൂട്ടം പുഴയുടെ ഒത്തനടുവിലേക്കു ഒഴുകിമാറി. ഞാറമുക്ക് പൗലോസിന്റെ കൃഷിയിടത്തിൽ ഭൂമി ഒരു മീറ്റർ താഴ്ചയിൽ മീറ്ററുകളോളം നീളത്തിൽ വിള്ളൽ വീണ് ഇടിഞ്ഞുതാഴ്ന്നു. ഇതു വീടിനും ഭീഷണിയായിട്ടുണ്ട്.

പ്രളയത്തിലെ കുത്തൊഴുക്കിൽ പുഴയുടെ അടിത്തട്ടിളകി പുഴ താഴ്ന്നതിനെ തുടർന്ന് കരയിലെ അടിമണ്ണ് പുഴയിലേക്ക് ഒലിച്ചിറങ്ങിയതാകാം വിള്ളലിനു കാരണമെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ പുഴയിൽ നിന്ന് 50 മീറ്റർ അകലെയുളള സ്ഥലത്തും വിള്ളൽ ഉണ്ടായി കൃഷി നശിച്ചിട്ടുണ്ട്. സോയിൽ പൈപ്പിങ് എന്ന പ്രതിഭാസമൂലം ഉണ്ടായ ഭൂഗർഭ മണ്ണൊലിപ്പാകാം വിള്ളലിനു കാരണമെന്നു വിദഗ്ധർ പറയുന്നു. വയനാട്ടിലെങ്ങും ഭൂമിയിൽ വലിയ വിള്ളലുണ്ടാകുന്നത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പ്രളയത്തിനിടയിൽ മാനന്തവാടിക്കു സമീപം തൃശിലേരി പ്ലാമൂല, ബോയ്സ് ടൗൺ തുടങ്ങിയ സ്ഥലങ്ങളിലും വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

MORE IN KERALA
SHOW MORE