തലയിലെ ട്യൂമർ കുറഞ്ഞ ചെലവിൽ നീക്കി എറണാകുളം ജനറൽ ആശുപത്രി

operation
SHARE

തലയോട്ടിക്കുള്ളിലെ മുഴ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിക്ക് സവിശേഷ നേട്ടം . വെല്‍ഡിങ് തൊഴിലാളിയായ ആലുവ സ്വദേശി ഷാജഹാനാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജിവിതത്തിലേക്ക് മടങ്ങിയെത്തിയത് . സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തുന്നത് .

കടുത്ത തലവേദനയും  കാഴ്ചക്കുറവും മൂലം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ഷാജഹാന് വിദഗ്ധ പരിശോധനയിലാണ്  പിറ്റ്യൂറ്ററി ഗ്രന്ധിയില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തിയത് . തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി. 

അധുനികശസ്ത്രക്രിയാസംവിധാനങ്ങളും വലിയ ചെലവും വേണ്ടിവരുന്ന സ്ഥിതി. ഈ ഘട്ടത്തിലാണ് ജനറല്‍ ആശുപത്രിയിലെ ഇ എന്‍  ടി  സര്‍ജന്‍ കെജി സാജുവും  ന്യൂറോ സര്‍ജന്‍  ഡോ ഡാല്‍വിന്‍ തോമസും ഒരുമിച്ചിരുന്ന് ആലോചിച്ചത് . ഒടുവില്‍  താക്കോല്‍ ദ്വാര ശസ്ത്രയ നിശ്ചയിച്ചു . 

അതിനാവശ്യമായ ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നതിനാല്‍ പലസ്ഥലങ്ങളില്‍ നിന്നായി കടംവാങ്ങി . ഒടുവില്‍ ട്യൂമര്‍ മൂക്കിലൂടെ നീക്കം ചെയ്തു. 4ലക്ഷം രൂപയെങ്കിലും  വേണ്ടിവരുന്ന  ശസ്ത്രക്രിയ കേവലം 20000 രൂപയ്ക്ക് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി.

നാലുമണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസത്രക്രിയ കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ ഷാജഹാന് നഷ്ടപ്പെട്ട കാഴ്ചശക്തിയും തിരിച്ചു കിട്ടി. താക്കോല്‍ ദ്വാര‍ശസ്ത്രക്രിയാ വിഭാഗം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കാനുള്ള നടപടികള്‍  ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. 

MORE IN KERALA
SHOW MORE