കാട്ടാനകൾ സ്‌കൂള്‍കെട്ടിടം തകര്‍ത്തു; പഠനം പെരുവഴിയിൽ

ഇടുക്കി മറയൂരില്‍ കാട്ടാനക്കൂട്ടം സ്‌കൂള്‍കെട്ടിടം തകര്‍ത്തു. വിദ്യാര്‍ഥികളുെട പഠനം പ്രതിസന്ധിയില്‍. കാട്ടാനകളെ തുരത്താന്‍ നടപടി വേണമെന്ന ആവശ്യം ശക്തം. ചട്ടമൂന്നാറില്‍ തോട്ടം തെഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന  കെ.ഡി.എച്ച്.പി എയ്ഡഡ് എല്‍.പി സ്‌കൂളാണ്  കാട്ടാനക്കൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രി   കുഞ്ഞുമായെത്തിയ രണ്ട് കാട്ടാകളാണ് ആക്രമിച്ചത്.  സ്‌കൂള്‍ ഗെയ്റ്റും, പാചകപ്പുരയും ക്ലാസ്സ് മുറികളിലുണ്ടായിരുന്ന ഉപകരണങ്ങളും, രണ്ട് ശുചിമുറികളും  തകര്‍ത്തു.

എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സുവരെയുള്ള 45 വിദ്യാര്‍ഥികളുെട പഠനം ഇതോടെ പ്രതിസന്ധിയിലായി. സ്‌കൂള്‍ പരിസരത്ത് നാശം വിതച്ച കാട്ടാന കൂട്ടം ചട്ടമൂന്നാറില്‍ തോട്ടം തെഴിലാളികളുടെ വീടിന് സമീപത്തെ  വാഴകൃഷി വ്യാപകമായി നശിപ്പിച്ചാണ് മടങ്ങിയത്. കാട്ടാനകള്‍ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും  ജീവന് വരെ ഭീഷണിയായിട്ടും അധികൃതര്‍ യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.